എഡിറ്റര്‍
എഡിറ്റര്‍
ലാവ്‌ലിന്‍ കേസില്‍ രണ്ട്, മൂന്ന്, നാല് പ്രതികള്‍ വിചാരണ നേരിടണം.
എഡിറ്റര്‍
Wednesday 23rd August 2017 3:27pm

ഏറണാകുളം: ലാവലിന്‍ കേസില്‍ പിണറായി വിജയനെ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കിയത് ഹൈക്കോടതി ശരി വെച്ചു. കേസില്‍ പിണറായി വിജയനെ കുറ്റക്കാരനായി കാണാനാകില്ലെന്നും വിചാരണ നേരിടേണ്ടത് വൈദ്യുത ബോര്‍ഡ് ഉദ്യോഗസ്ഥരുമാണെന്നും ജസ്റ്റിസ് ഉബൈദ് പ്രസ്താവിച്ചു.

കേസില്‍ ഒന്നാം പ്രതിയായ കെ മോഹനചന്ദ്രന്‍, ഏഴാം പ്രതി പിണറായി വിജയന്‍, എട്ടാം പ്രതി ഫ്രാന്‍സിസ് എന്നിവര്‍ വിചാരണ നേരിടേണ്ടതില്ലെന്നും എന്നാല്‍ കേസിലെ രണ്ട്,മൂന്ന്,നാല് പ്രതികളായ കസ്തുരി രംഗ അയ്യര്‍, കെ.ജി രാജശേഖരന്‍ നായര്‍, ആര്‍. ശിവദാസന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.

202 പേജുള്ള വിധി ന്യായമാണ് ജസ്റ്റിസ് ഉബൈദ് വായിച്ചത്. വിധി പ്രസ്താവം പൂര്‍ണമായി വായിച്ച ശേഷം മാത്രമേ വാര്‍ത്ത നല്‍കാവൂ എന്ന് വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് ജഡ്ജി മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.


Also read കുറ്റം ചുമത്താനാകില്ല; ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയത് ഹൈക്കോടതി ശരിവെച്ചു


അഞ്ച് മാസം മുമ്പ് വാദം പൂര്‍ത്തിയായ കേസിലെ വിധിയാണ് ഇന്നു പുറപ്പെടുവിച്ചത്. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. വാദം പൂര്‍ത്തിയായ ശേഷം തനിക്ക് ഊമക്കത്ത് ലഭിച്ചിരുന്നെന്ന് ജസ്റ്റിസ് ഉബൈദ് വിധിപ്രസ്താവം ആരംഭിക്കവേ പറഞ്ഞിരുന്നു.

പിണറായി വിജയനുള്‍പ്പെടെയുള്ള ഏഴുപേരെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് സി.ബി.ഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നും ഇത് ശരിയായി വിലയിരുത്താതെയാണ് കീഴ്ക്കോടതി പ്രതികളെ വിട്ടയച്ചതെന്നുമാണ് സി.ബി.ഐ വാദിച്ചത്.


Also read പിണറായിയെ തെരഞ്ഞ് പിടിച്ച് വേട്ടയാടാന്‍ സി.ബി.ഐയും യു.ഡി.എഫും നടത്തിയ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടി: കോടിയേരി


സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കേസില്‍ പിണറായിക്കായി ഹൈക്കോടതിയില്‍ ഹാജരായത്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനമാണ് കേസിനാധാരം.

കരാര്‍ ലാവ്‌ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യു.ഡി.എഫിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതിയാണെങ്കിലും അന്തിമ കരാര്‍ ഒപ്പിട്ടത് ഇ.കെ.നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു.

Advertisement