എഡിറ്റര്‍
എഡിറ്റര്‍
ലാവ്‌ലിന്‍ കേസില്‍ വിധി പറഞ്ഞ ജഡ്ജിന് പി.സി ജോര്‍ജിന്റെ വിമര്‍ശനം
എഡിറ്റര്‍
Thursday 7th November 2013 12:17pm

p.c-george.

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ വിധി പറഞ്ഞ ജഡ്ജിന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ രൂക്ഷ വിമര്‍ശനം. കോര്‍പ്പറേറ്റുകളെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ ജഡ്ജ് ആരാണെന്ന് പി.സി ജോര്‍ജ് ചോദിച്ചു.

പിണറായിയെ കേസില്‍ നിന്ന് ഒഴിവാക്കിയതില്‍ തെറ്റ് കാണുന്നില്ല. എന്നാല്‍ ഉദ്യോഗസ്ഥരെ എങ്ങനെ ഒഴിവാക്കിയെന്നും പി.സി ജോര്‍ജ് ചോദിച്ചു.

കോടതിയുടെ പോക്ക് എങ്ങോട്ടെന്ന് മനസിലാകുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു. സി.ബി.ഐ ജഡ്ജി ആര്‍. രഘുവിനെതിരെയാണ് ജോര്‍ജ് വിമര്‍ശനം നടത്തിയത്.

എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതിക്കേസില്‍ കഴിഞ്ഞ ദിവസമാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയല്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി വിധിച്ചത്.

പിണറായി വിജയന്റെ വിടുതല്‍ ഹരജി കോടതി അംഗീകരിച്ചുകൊണ്ട് പിണറായിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ലാവ്‌ലിന്‍ കേസില്‍ കുറ്റപത്രം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

പിണറായിക്ക് പുറമേ മുന്‍ ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ്, കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ പി.എ. സിദ്ധാര്‍ഥ മേനോന്‍ എന്നിവരെയും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

ഇവര്‍ക്കെതിരായ കുറ്റപത്രം നിലനില്‍ക്കില്ല. കുറ്റപത്രത്തില്‍ പാളിച്ചകളുണ്ടെന്നും ഇവര്‍ക്കെതിരെയുള്ള ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Advertisement