ന്യൂദല്‍ഹി: ലാവ്‌ലിന്‍ കേസില്‍ വയലാര്‍ രവിയെ വലിച്ചിഴയ്ക്കുന്നത് എന്തിനെന്ന് വ്യക്തമാകുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്രമന്ത്രി വയലാര്‍ രവി ലാവ്‌ലിന്‍ കേസില്‍ ഇടപെട്ടതായി അറിയില്ലെന്നും അ‌ദ്ദേഹം പറഞ്ഞു.

ലാവലിന്‍ കേസ് അട്ടിമറിക്കുന്നതിന് ശ്രമിച്ച കേന്ദ്രമന്ത്രി വലയാര്‍ രവിയാണെന്ന് ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ലാവലിന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് കേന്ദ്രമന്ത്രി വയലാര്‍ രവിയും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായരുമാണ്. കേരളത്തിലെ നാലു മന്ത്രിമാരും രണ്ട് കേന്ദ്രമന്ത്രിമാരും ദിലീപ് രാഹുലിന്റെ സ്ഥാപനങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു.

കേരളത്തില്‍ നിന്നുള്ള ഒരു ക്യാബിനറ്റ് മന്ത്രിയാണ് ലാവ്‌ലിന്‍ അന്വേഷണ ചുമതലയില്‍ നിന്നും അശോക് കുമാറിനെ മാറ്റിയതെന്ന് കേസിലെ മുഖ്യസാക്ഷി ദീപക് കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വിദേശങ്ങളില്‍ ധാരാളം യാത്ര ചെയ്യുന്ന ഈ മന്ത്രി ആരാണെന്ന് ദീപക് കുമാര്‍ വ്യക്തമാക്കിയിരുന്നില്ല. കേരളത്തില്‍ നിന്ന് എ.കെ ആന്റണിയും വയലാര്‍ രവിയുമാണ് ക്യാബിനറ്റ് മന്ത്രിമാരായുള്ളത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.

മുരളീധരനുമായി മുല്ലപ്പള്ളി ചര്‍ച്ച നടത്തിയിരുന്നു. മുരളിയുടെ കോണ്‍ഗ്രസ്സിലേക്കുള്ള മടങ്ങിവരവിന് തടസ്സമാകുന്നത് കെ.പി.സി.സി പുറപ്പെടുവിച്ച പ്രമേയമാണെങ്കില്‍ അത് തിരുത്തി മടങ്ങിവരവ് സുഗമമാക്കാനുള്ള നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.