കൊച്ചി: എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായിയുടെ ഓഫീസിനെ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സൂപ്രീം കോടതിയില്‍ പുതിയ ഹരജി. തലശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ആക്ഷന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആണ് ഹരജി നല്‍കിയത്. കോടതിയുടെ അനുമതി തേടിയാണ് ഹരജി നല്‍കിയത്.

ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട്, പിണറായി വിജയന്‍ സമര്‍പ്പിച്ച കേസില്‍ ഗവര്‍ണറെ ഒഴിവാക്കാന്‍ കഴിയില്ലെന്ന് പീപ്പിള്‍സ് കൗണ്‍സില്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. ലാവ്‌ലിന്‍കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ ഹരജിയില്‍ഗവര്‍ണറെയോ ഗവര്‍ണറുടെ ഓഫീസിനേയോ കക്ഷി ചേര്‍ത്തിരുന്നില്ല.

മന്ത്രിസഭാ തീരുമാനം എതിരായിരുന്നതിനാല്‍ സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ്, ഗവര്‍ണര്‍തീരുമാനമെടുത്തത്. പ്രോസിക്യൂഷന്‍ അനുമതി നല്‍കാനുള്ള സാഹചര്യവും കാരണങ്ങളും രേഖകളും തെളിവുകളും വ്യക്തമാക്കാന്‍ ഗവര്‍ണര്‍ക്കേ കഴിയൂ. അതിനുള്ള അവസരം ഗവര്‍ണര്‍ക്ക് നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.

ഭരണഘടനയനുസരിച്ച് ഗവര്‍ണറെ നേരിട്ട് കേസില്‍ കക്ഷി ചേര്‍ക്കാന്‍ കഴിയാത്തതിനാലാണ് അദ്ദേഹത്തിന്റെ സെക്രട്ടറിയെ കക്ഷിയാക്കാന്‍ കൗണ്‍സില്‍ ഹരജിയില്‍ ആവശ്യപ്പെട്ടത്. പിണറായി വിജയന്റെ ഹരജിയില്‍ സുപ്രീംകോടതി നാളെ അന്തിമ വാദം കേള്‍ക്കാനിരിക്കെയാണ് പുതിയ അപേക്ഷ.