Administrator
Administrator
‘ലാവലിന്‍ കരാര്‍ ലഭിക്കാന്‍ കൊലപാതകം നടന്നു’
Administrator
Thursday 11th November 2010 12:01pm

കോഴിക്കോട്: ലാവലിന്‍ കരാര്‍ ലഭിക്കാന്‍ കൊലപാതകം നടന്നുവെന്ന് കേസിലെ മുഖ്യസാക്ഷി ദീപക് കുമാര്‍. കരാര്‍ ലാവലിന്‍ കമ്പനിക്ക് ലഭിക്കുന്നത് സംബന്ധിച്ച് നിര്‍ണായകമായ തീരുമാനമെടുക്കാന്‍ കഴിയുന്ന കേരളത്തിലെ ഒരു ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തെക്കുറിച്ച് സംസാരിക്കുന്ന സമയത്ത് താന്‍ ആ സ്ഥലത്തുണ്ടായിരുന്നു.

പിന്നീട് ആ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയാണ് അറിഞ്ഞത്. അന്ന് ലാവലിന്‍ കമ്പനിയുടെ ഉദ്യോഗസ്ഥനായിരുന്ന ദിലീപ് രാഹുലന് കൊലപാതകവുമായി ബന്ധമുണ്ട്. കൃത്യവുമായി ബന്ധമുള്ള നാസര്‍ എന്ന ആള്‍ ഇപ്പോള്‍ ദുബൈയില്‍ രാഹുലന്റെ സംരക്ഷണത്തിലാണ്. വിദേശ രാജ്യങ്ങളില്‍ ഫോണിലൂടെ തനിക്കെതിരെ വധ ഭീഷണിയുണ്ടായിട്ടുണ്ട്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താന്‍ പറയുന്നതെന്നും ഇക്കാര്യം അടുത്ത ദിവസം തന്നെ കോടതിക്ക് മുമ്പാകെ പറയുമെന്നും ദീപക് കുമാര്‍ വെളിപ്പെടുത്തി.

സി.ബി.ഐ ഡി.വൈ.എസ്.പി അശോക് കുമാറിനെ ലാവ്‌ലിന്‍ കേസ് അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് ദീപക് കുമാര്‍ പറഞ്ഞു. ദിലീപ് രാഹുലന്‍ ഒരു കേന്ദ്ര മന്ത്രിയെ സ്വാധീനിച്ചാണ് ഇത് നടത്തിയത്. വിദേശങ്ങളില്‍ നിരന്തരം യാത്ര ചെയ്യുന്ന ഒരു കേന്ദ്ര മന്ത്രിയാണ് ഇദ്ദേഹം. കരാര്‍ ഒപ്പുവെക്കുന്ന സമയത്ത് ലാവ്‌ലിന്‍ കമ്പനിയുടെ ബിസിനസ് ഡവലപ്‌മെന്റ് മാനേജറായിരുന്നു ദിലീപ് രാഹുലന്‍.

കേസില്‍ ചില വ്യക്തികളുടെ പേരുകള്‍ താന്‍ പറഞ്ഞത് സി.ബി.ഐ അവഗണിക്കുകയായിരുന്നു. കേസില്‍ സി.ബി.ഐക്ക് മുന്നില്‍ പ്രാഥമിക തെളിവുകള്‍ മാത്രമാണ് താന്‍ നല്‍കിയത്. എന്നാല്‍ തന്റെ പല മൊഴികളും സി.ബി.ഐ ഗൗരവത്തിലെടുത്തിട്ടില്ല. കേസില്‍ കൊലപാതകമുള്‍പ്പെടെയുള്ള കൂടുതല്‍ തെളിവുകള്‍ കോടതിക്ക് മുമ്പാകെ വെളിപ്പെടുത്താനുണ്ട്- ദീപക് കുമാര്‍ പറഞ്ഞു.

ലാവലിന്‍ കേസ് നല്ല നിലയില്‍ അന്വേഷിച്ച് വന്ന ഉദ്യോഗസ്ഥനായിരുന്നു അശോക് കുമാര്‍. ഇത്രയും പ്രധാനപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഈ ഘട്ടത്തില്‍ മാറ്റുന്നത് കേസിനെ ദോഷകരമായി ബാധിക്കും. ഇത് അസാധാരണ നടപടിയാണെന്നും ദീപക് കുമാര്‍ പറഞ്ഞു. പിണറായി വിജയനെതിരെ ദീപക് കുമാര്‍ നേരത്തെ രേഖാ മൂലം മൊഴി നല്‍കിയിരുന്നു. ദീപക്കില്‍ നിന്ന് തെളിവെടുത്തത് ഡി.വൈ.എസ് പി അശോക് കുമാറായിരുന്നു.

ഡി.വൈ.എസ്.പി അശോക് കുമാറിനെ ഇന്നലെയാണ് ലാവ്‌ലിന്‍ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത്. ചെന്നൈ സ്‌പെഷ്യല്‍ െ്രെകം സെല്ലില്‍ നിന്ന് സ്‌പെഷ്യല്‍ യൂണിറ്റിലേക്കാണ് അശോക് കുമാറിനെ സ്ഥലംമാറ്റിയിരിക്കുന്നത്. ഡി വൈ എസ് പി ഹരികുമാറാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍. കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത് അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

ദിലീപ് രാഹുലന്‍

കൊച്ചി മട്ടാഞ്ചേരി സ്വദേശിയായ ദിലീപ് രാഹുലന്‍ ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് കൊലപാതകം നടത്തിയെന്നാണ് കേസിലെ മുഖ്യസാക്ഷി ദീപക് കുമാര്‍ വെളിപ്പെടുത്തിയത്. ന്യൂദല്‍ഹിയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയില്‍ ഇദ്ദേഹം ബിസിനസ് ഡെവലപ്‌മെന്റ് മാനേജറായിരുന്നപ്പോഴാണ് ലാവ്‌ലിന്‍ കരാറില്‍ ഒപ്പുവെച്ചത്.

ലാവലിന്‍ കരാറിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ദിലീപ് രാഹുലനാണെന്നാണ് സംശയിക്കുന്നത്. കേസിന്റെ ആരംഭ കാലത്ത് പ്രതിപ്പട്ടികയില്‍ 24ാമത്തെ സ്ഥാനത്തായിരുന്നു ദിലീപ് രാഹുലന്‍. പിന്നീട് യു.എ.ഇയിലെത്തിയ ഇദ്ദേഹം 2000 മാര്‍ച്ചില്‍ ഇവിടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു. ദിലീപ് രാഹുലന്‍ സി.ഇ.ഒയും ചെയര്‍മാനുമായ, ജബല്‍ അലിയില്‍ സ്ഥിതി ചെയ്യുന്ന പസഫിക് കണ്‍ട്രോള്‍സ് എഞ്ചിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്.

ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഇദ്ദേഹം ഇപ്പോള്‍ അവിടെയാണുള്ളത്. അതിനാല്‍ കേസിന്റെ ഭാഗമായി സിബിഐ അയച്ച ചോദ്യാവലികള്‍ ദിലീപ് രാഹുലന്‍ കൈപ്പറ്റിയിട്ടില്ലെന്നാണ് വിവരം. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ദിലീപ് രാഹുലനുമായി അടുത്ത ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നുണ്ട്.

Advertisement