Categories

ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ റിവിഷന്‍ ഹരജി നല്‍കി

Pinarayi

കൊച്ചി: ##ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹരജി നല്‍കി.

കേസില്‍ നിന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയ വിധി റദ്ദാക്കണമെന്ന് കാണിച്ചാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

അപ്പീല്‍ സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെയാണ് ഹരജി നല്‍കിയത്.

ലാവലിന്‍ കമ്പനിയില്‍ നിന്ന് മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായം കിട്ടുമെന്ന് കരാറിലൂടെ ഉറപ്പുവരുത്തുന്നതില്‍ പിണറായി വിജയന്‍ മനപ്പൂര്‍വം വീഴ്ച വരുത്തിയെന്നാണ് സി.ബി.ഐ.യുടെ നിലപാട്.

ഇത് ഭരണഘടനയുടെ ലംഘനമാണ്. സംസ്ഥാന സര്‍ക്കാരിന് നഷ്ടം വരുത്താന്‍ പിണറായിയുടെ നിലപാട് കാരണമായിട്ടുണ്ട്. തന്റെ ഔദ്യോഗിക പദവി പിണറായി ദുരുപയോഗം ചെയ്യുകയായിരുന്നെന്നും ഹരജിയില്‍ പറയുന്നു.

കുറ്റപത്രത്തിലെ വസ്തുതകള്‍ ശരിയായ അര്‍ഥത്തിലല്ല തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി വിലയിരുത്തിയതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ലാവ്‌ലിന്‍ ഇടപാടില്‍ 374 കോടിയുടെ കരാറില്‍ സംസ്ഥാന സര്‍ക്കാരിനു നഷ്ടമുണ്ടാക്കിയെന്നായിരുന്നു ആരോപണം.

ഇതില്‍ ഔദ്യോഗിക പദവിയുടെ ദുരുപയോഗം, സംസ്ഥാനത്തോടുള്ള വഞ്ചന തുടങ്ങിയ കുറ്റാരോപണങ്ങള്‍ അന്നത്തെ വൈദ്യുതി വകുപ്പു മന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ സി.ബി.ഐ ചുമത്തിയിരുന്നു.

അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ ഒഴിവാക്കിയത് കേസിനെത്തന്നെ ബാധിക്കുമെന്നും സി.ബി.ഐ. ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 5നാണ് തിരുവനന്തപുരത്തെ സി.ബി.ഐ. പ്രത്യേക കോടതി പിണറായിയെ വിട്ടയച്ചുകൊണ്ട് ഉത്തരവിട്ടത്.

മൂന്ന് മാസത്തിനകം റിവിഷന്‍ ഹരജി നല്‍കണമെന്നാണ് വ്യവസ്ഥ. ഈ കാലാവധി തീരാനിരിക്കെയാണ് സി.ബി.ഐ. ഹൈക്കോടതിയില്‍ എത്തുന്നത്.

എന്നാല്‍ ഈ വിധിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ദല്‍ഹിയിലെ സി.ബി.ഐ ഡയറക്ടറേറ്റിന്റെ അനുമതി ആവശ്യമാണ്. അതല്ലാതെ അപ്പീല്‍ സമര്‍പ്പിക്കാന്‍ അസ്വാഭാവികമായ കാലതാമസം സി.ബി.ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും അവര്‍ ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്.

പ്രത്യേക കോടതിയുടെ വിധിക്കെതിരെ ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ റിവിഷന്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനകം ഹൈക്കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ ഈ ഹരജി കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്.

1996-98 കാലത്ത് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെയാണ് ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായിരുന്നു അത്.

കരാര്‍ വഴി പൊതു ഖജനാവിന് 374 കോടി രൂപയുടെ നഷ്ടം വന്നിട്ടുണ്ടെന്നാണ് സി.ബി.ഐ.യുടെ കേസ്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയവയായിരുന്നു പിണറായി വിജയന്റെ പേരില്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍.

Tagged with: |