ന്യൂഡല്‍ഹി: എസ് എന്‍ സി ലാവലിന്‍ കേസ് സുപ്രീംകോടതി ഏപ്രില്‍ പതിമൂന്നിന് പരിഗണിക്കും. അന്നത്തെ പരിഗണനാ പട്ടികയില്‍ ലാവലിന്‍ കേസ് ഉള്‍പ്പെടുത്തുമെന്ന് കോടതി അറിയിച്ചു. പ്രോസിക്യൂഷന്‍ അനുമതിക്കെതിരെ പിണറായി വിജയന്‍ നല്‍കിയ ഹര്‍ജിയില്‍ ഗവര്‍ണറുടെ ഓഫിസിനെ കക്ഷി ചേര്‍ക്കണമെന്ന അപേക്ഷയും കോടതി അന്നു പരിഗണിക്കും.

ഈ മാസം ഒന്‍പതിന് കേസ് പരിഗണിച്ചപ്പോള്‍ ഗവര്‍ണറുടെ ഭാഗം വിശദീകരിക്കാന്‍ സി ബി ഐക്ക് സാധിക്കില്ലെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം അടുത്ത തവണ കേസ് വരുമ്പോള്‍ പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ ആര്‍ വി രവീന്ദ്രന്‍, ആര്‍ എം ലോധ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.