Categories

ലാവ്‌ലിന്‍ : പിണറായിയുടെ ഹരജി തള്ളി

pinarayiകൊച്ചി: എസ് എന്‍ സി ലാവ് ലിന്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി ഉള്‍പ്പെടെയുള്ളവരെ സാക്ഷികളാക്കി കൂടുതല്‍ അന്വേഷണം നടത്തണമെന്ന പിണറായി വിജയന്റെ ഹരജി കോടതി തള്ളി. സി ബി ഐ കോടതി ജഡ്ജ് കെ പി ജ്യോതീന്ദ്രനാണ് ഹരജി തള്ളിയത്. ഹരജി പരിഗണിക്കത്തക്കതാണെന്ന് തോന്നുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസന്വേഷണവുമായി സി ബി ഐക്ക് നിര്‍ഭയമായി മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചു. വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മുന്‍ വൈദ്യുതമന്ത്രി ജി കാര്‍ത്തികേയന്റെ പങ്ക് അന്വേഷിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. പതിനെട്ടു ആവശ്യങ്ങാണ് പിണറായി ഉന്നയിച്ചത്. ലാവ്‌ലിന്‍ കമ്പനിയുമായി ചര്‍ച്ച നടത്താന്‍ കാര്‍ത്തികേയന്‍ രണ്ടു തവണ കാനഡയില്‍ പോയിട്ടുണ്ടെന്ന് പിണറായിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ കോടതിയില്‍ വാദിച്ചിരുന്നു. 1995, 96 കാലഘട്ടത്തില്‍ കാര്‍ത്തികേയന്‍ കാനഡയില്‍ പോയ കാര്യം സി ബി ഐ പരിശോധിച്ചില്ല. ഗൂഡാലോചന നടത്തിയ കാര്‍ത്തികേയനെ സി ബി ഐ ഒഴിവാക്കുകയായിരുന്നു. ഇത് രാഷ്ട്രീയ ലക്ഷ്യംവച്ചാണ്.

അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ അറിവില്ലാതെ ധാരണാപത്രത്തില്‍ ഒപ്പിടാന്‍ കഴിയില്ല. ശേഷം വൈദ്യുതി മന്ത്രിയായിരുന്നവര്‍ കരാറുമായി മുന്നോട്ടുപോകുക മാത്രമാണ് ചെയ്തത്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായപ്പോള്‍ കണ്‍സല്‍ട്ടന്‍സി കരാര്‍ തുകയില്‍ കുറവ് വരുത്താന്‍ കഴിഞ്ഞത് സംസ്ഥാനത്തിന് നേട്ടമായി.
പിണറായി വിജയന്‍ ഗൂഡാലോചന നടത്തിയെന്നു പറയുന്ന സി ബി ഐ അതിന് എന്ത് പ്രതിഫലം ലഭിച്ചുവെന്ന് വ്യക്തമാക്കണം.

എന്നാല്‍ കേസില്‍ പ്രതിയായ ഒരാള്‍ക്ക് മറ്റൊരാളെ പ്രതിയാക്കാന്‍ ആവശ്യപ്പെടാന്‍ അധികാരമില്ലെന്ന് സി ബി ഐ കോടതിയില്‍ വാദിച്ചിരുന്നു. ഇത് കേസന്വേഷണത്തെ ബാധിക്കുമെന്നും അവര്‍ കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി വന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.