കൊച്ചി: ലാവലിന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ലാവലിന്‍ കമ്പനിക്ക് അയച്ച സമന്‍സ് മടങ്ങിയെത്തി. ലാവലിന്‍ കമ്പനിയുടെ കാനഡയിലെ വിലാസത്തില്‍ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി അയച്ച സമന്‍സാണ് മടങ്ങിയത്. സമന്‍സ് കാനഡയില്‍ കൈമാറാനായില്ല. സി.ബി.ഐ ഇക്കാര്യം കോടതിയെ അറിയിക്കും. അതേസമയം സമന്‍സ് അയച്ച രീതിയില്‍ പിഴവുണ്ടെന്നും നടപടിക്രമം പാലിക്കാത്തതിനാലാണ് ഇത് മടങ്ങിയതെന്നുമാണ് വിവരം.

നേരത്തെ ദല്‍ഹിയിലെ ഓഫീസിലേക്ക് അയച്ച സമന്‍സും മടങ്ങുകയായിരുന്നു. ഇതെ തുടര്‍ന്നാണ് കാനഡയിലെ ഓഫീസിലേക്ക് സമന്‍സ് അയച്ചത്. കുറ്റവാളികളെ കൈമാറാന്‍ കാനഡയും ഇന്ത്യയുമായി കരാര്‍ ഇല്ലാത്തത് ഉള്‍പ്പെടെയുള്ള നിയമപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് സമന്‍സ് മടങ്ങിയെത്തിയതെന്നാണ് അറിയുന്നത്. ഇത് നാലാം തവണയാണ് ലാവലിന്‍ കമ്പനിക്ക് അയച്ച സമന്‍സ് മടങ്ങിയെത്തിയത്.