കൊച്ചി: ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് ടെക്‌നിക്കാലിയയെ നിയമിച്ചതില്‍ തനിക്ക് പങ്കില്ലെന്ന് ദിലീപ് രാഹുലന്‍ വ്യക്തമാക്കി. ലാവലിന്‍ കമ്പനിയുടെ ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജരായിരുന്നു ദിലീപ് രാഹുലന്‍. വൈദ്യുതി ബോര്‍ഡ് സെക്രട്ടറിയും ലാവലിന്‍ കമ്പനി ഉന്നതരും പങ്കെടുത്ത യോഗത്തിലാണ് ടെക്‌നിക്കാലിയയെ നിയമിക്കാന്‍ തീരുമാനമെടുത്തതെന്നും രാഹുലന്‍ സി ബി ഐക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതോടെ ടെക്‌നിക്കാലിയയുടെ നിയമനത്തെക്കുറിച്ച് ദൂരൂഹത ഏറിയിരിക്കുകയാണ്.

ക്യാന്‍സര്‍ സെന്ററുമായുണ്ടാക്കിയ കരാര്‍ പുതുക്കുന്നതില്‍ ഇടതുസര്‍ക്കാറിനുശേഷം വന്നവര്‍ക്ക് വീഴ്ച്ച പറ്റിയിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിലെ ഉപദേഷ്ടാവായ കെ ജി രാജശേഖരന്‍ നായര്‍ക്ക് ദുബൈയിലെ തന്റെ കമ്പനിയില്‍ ജോലി നല്‍കിയിട്ടുണ്ടെന്നും രാഹുലന്റെ മൊഴിയിലുണ്ട്.

ലാവലിന്‍ അഴിമതിക്കേസില്‍ ദിലീപ് രാഹുലന്റെ മൊഴി സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌ . സി ബി ഐ നല്‍കിയ ചോദ്യാവലിക്ക് രാഹുലന്‍ സമര്‍പ്പിച്ച മറുപടിയാണ് കോടതിയില്‍ നല്‍കിയിരിക്കുന്നത്. ലാവലിന്‍ കാരറില്‍ സാക്ഷിയായി ഒപ്പിട്ടതും രാഹുലനാണ്.

കേസിലെ മറ്റൊരു പ്രതിയായ ക്ലോസ് ട്രെന്‍ഡ് സമന്‍സ് കൈപ്പറ്റിയില്ല. ട്രെന്‍സലിനെതിരേ ഹൈക്കോടതി വഴി വീണ്ടും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമന്‍സ് വിദേശകാര്യമന്ത്രാലയം വഴി ഒരിക്കല്‍ക്കൂടി അയക്കുമെന്ന് സി ബി ഐ അറിയിച്ചു. മുന്‍മന്ത്രി ജി കാര്‍ത്തികേയനെതിരേയുള്ള പുനരന്വേഷണം സംബന്ധിച്ച പുരോഗതി റിപ്പോര്‍ട്ടും സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ചേക്കും. കേസില്‍ ഏഴാം പ്രതിയായ സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ഡിസംബറില്‍ ജാമ്യം നേടിയിരുന്നു.