കൊച്ചി: ലാവലിന്‍ കേസില്‍ മന്ത്രിസഭ പക്ഷപാതപരമായി പെരുമാറിയെന്ന് സി ബി ഐ. പിണറായി വിജയന്‍ പാര്‍ട്ടി ഉന്നതസ്ഥാനത്തുള്ളതുകൊണ്ടാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നിഷേധിച്ചതെന്ന് സി ബി ഐ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

അധികാരമുള്ളവര്‍ പാര്‍ട്ടി സെക്രട്ടറി ആയതുകൊണ്ടാണ് പക്ഷപാതിത്വം കാട്ടിയത്. സാമ്പത്തിക ലാഭത്തിനായുള്ള ഗൂഡാലോചന ഔദ്യോഗിപ്രവര്‍ത്തനത്തിന്റെ ഭാഗമായി കാണാനാവില്ലെന്നും സത്യവാങ്മൂലത്തില്‍ സി ബി ഐ പറയുന്നു.

അപ്രസക്തവും അവ്യക്തവുമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചതെന്നും ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയിരുന്നില്ലെങ്കില്‍ അത് ജനാധിപത്യത്തിന് കളങ്കമായേനേ എന്നും സി ബി ഐ വ്യക്തമാക്കി.

അതിനിടെ ലാവലിന്‍ കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥനെ മാറ്റി. ഡി.വൈ.എസ്.പി അശോക് കുമാറിനെയാണ് മാറ്റിയത്. കേസ് നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് അശോക് കുമാറിനെ മാറ്റിയത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

ചെന്നൈ സ്‌പെഷ്യല്‍ െ്രെകം സെല്ലില്‍ നിന്ന് സ്‌പെഷ്യല്‍ യൂണിറ്റിലേക്കാണ് അശോക് കുമാറിനെ സ്ഥലംമാറ്റിയിരിക്കുന്നത്. കേസ് നിര്‍ണായക ഘട്ടത്തിലിരിക്കെയാണ് സി.ബി.ഐ നടപടി. എന്നാല്‍ സ്വാഭാവിക സ്ഥലംമാറ്റം മാത്രമാണിതെന്നാണ് സി.ബി.ഐ വൃത്തങ്ങളുടെ പ്രതികരണം.