Categories

വനിതാ ബാങ്കിന്റെ ഉദ്ഘാടനം ഇന്ന് മുംബൈയില്‍

bharathiya-mahila-bank

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലയിലെ ആദ്യ സമ്പൂര്‍ണ വനിതാ ബാങ്കിന് (ഭാരതീയ മഹിളാ ബാങ്ക് )ഇന്ന് മുംബൈയില്‍ തുടക്കമാവും.  ബാങ്കിന്റെ ഉദ്ഘാടനം നടത്താനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിന് അനുമതി നല്‍കി.

അതേ സമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ന്യൂദല്‍ഹിയിലും മദ്ധ്യപ്രദേശിലും ബാങ്കിന്റെ ശാഖകള്‍ ഇപ്പോള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ ബാങ്കിനെ കുറിച്ചുള്ള പരസ്യത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി, ധനകാര്യ മന്ത്രി പി.ചിദംബരം എന്നിവര്‍ മുംബൈയില്‍ തുറക്കുന്ന രാജ്യത്തെ ആദ്യ വനിതാ ബാങ്ക് ാഖയുടെ ഉദ്ഘാടനചടങ്ങിനെത്തുമെന്നാണ് കരുതുന്നത്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം കൂടിയായ ഇന്ന് ബാങ്കിന്റെ പ്രവര്‍ത്തനമാരംഭിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ ന്യൂദല്‍ഹിയടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ഇലക്ഷന്‍ കമ്മീഷന്റെ തീരുമാനം തേടുകയായിരുന്നു.

സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകളാല്‍ നടത്തപ്പെടുന്ന ബാങ്ക് എന്ന ആശയം ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി പി.ചിദംബരം തന്നെയാണ് മുന്നോട്ടുവച്ചത്. വനിതാ ബാങ്കിന്റെ പ്രാരംഭ മൂലധനത്തിനായി 1000 കോടി രൂപ കേന്ദ്രബജറ്റില്‍ നീക്കിവെക്കുകയും ചെയ്തു.

രാജ്യത്തിന്റെ വിവിധ മേഖലകളിലായി ആറു ബ്രാഞ്ചുകളുമായി തുടക്കമിടാനാണ് പദ്ധതി. 2014 മാര്‍ച്ച് 31 ആവുമ്പോഴേക്കും 25 ശാഖകള്‍ കൂടി തുറക്കാനാണ് അധികൃതരുടെ നീക്കം.

പ്രധാനമായും വനിതകളുടെയും വനിതാ സംരംഭങ്ങളുടെയും വായ്പാ ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായിരിക്കും ബാങ്ക് മുന്‍ഗണന നല്‍കുക. നിക്ഷേപം പുരുഷന്മാരില്‍നിന്ന് സ്വീകരിക്കുമെങ്കിലും നടത്തിപ്പ് പൂര്‍ണമായും സ്ത്രീകളുടെ ചുമതലയിലായിരിക്കും.

ഗ്രാമീണമേഖലയില്‍ പിടിമുറുക്കുന്ന അനധികൃത സ്വകാര്യ പണമിടപാടുകാരുടെ വലയില്‍നിന്ന് സ്ത്രീകളെ രക്ഷിക്കുന്നതിനും സമ്പാദ്യശീലം വളര്‍ത്തുന്നതിനും വനിതാ ബാങ്ക് സഹായിക്കുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.