Categories

എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മാര്‍ച്ചിനിടെ പോലീസ് അതിക്രമം

Thiruvananthapuram lathicharge aginst sfi leaders incloudes P Biju

ഫോട്ടോ: രാംകുമാര്‍

തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് നടത്തിയ മാര്‍ച്ചില്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ്. കൊല്ലപ്പെട്ട എസ്.എഫ്.ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് രാജിന്റെ കൊലപാതകികളെ അറസ്റ്റുചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഘര്‍ഷത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ നന്ദാവനം എ.ആര്‍ ക്യാമ്പിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും തുടര്‍ന്ന് പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിടുകയും ചെയ്തു. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സംസ്ഥാന സെക്രട്ടറി പി.ബിജുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വി.ജെ.ടി ഹാളിന് മുന്നിലെ റോഡില്‍ സംഘടിക്കുകയും യോഗത്തിനെത്തുന്ന മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടാനായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ശ്രമം. എന്നാല്‍ സംഘര്‍ഷമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതിനാല്‍ പോലീസ് ലാത്തി വീശുകയായിരുന്നു. വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ട തീരദേശ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിന് തൊട്ടുമുമ്പാണ് ലാത്തിച്ചാര്‍ജ്ജ് നടന്നത്.

സംഘര്‍ഷത്തിനിടെ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും പോലീസിനെതിരേ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കല്ലെറിയുകയും തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് പിരിഞ്ഞുപോകാത്ത പ്രവര്‍ത്തകരെ മാറ്റാന്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്യുകയാണുണ്ടായത്. റോഡില്‍ സംഘടിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്കും കൈരളി ടിവിയുടെ കാമറാമാനുമാണ് സംഘര്‍ഷത്തിനിടെ കല്ലേറില്‍ പരിക്കേറ്റത്.

അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് എം.എല്‍.എമാരുടേയും ഇടതുപക്ഷ നേതാക്കളും നന്ദാവനം എ.ആര്‍ ക്യാമ്പിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ എ.ആര്‍ ക്യാമ്പിലെത്തി മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ബന്ധപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിടാമെന്ന് കമ്മീഷ്ണര്‍ ഉറപ്പ് നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ എം.എല്‍.എമാരും പാര്‍ട്ടി നേതാക്കളും സമരമവസാനിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് നടന്നത് അതിക്രൂരമായ ലാത്തിച്ചാര്‍ജ്ജാണെന്ന് ഇടതു നേതാക്കള്‍ പറഞ്ഞു. അമ്പതോളം വിദ്യാര്‍ത്ഥികളെ നന്ദാവനം എ.ആര്‍ ക്യാമ്പില്‍ തടവിലാക്കിയും കുട്ടികള്‍ക്ക് നേരെ ഗ്രനേഡടക്കം പ്രയോഗിച്ച് നിശബ്ദമാക്കാനുമാണ് പോലീസ് ശ്രമിക്കുന്നതെന്ന് ഇടതു നേതാക്കളും എം.എല്‍.എമാരും പറഞ്ഞു.

Tagged with: | |