Administrator
Administrator
ശബ്ദമാധുര്യത്തിന്റെ മായാജാലം; ഇന്ത്യയുടെ വാനമ്പാടിക്ക് 80 വയസ്
Administrator
Monday 28th September 2009 2:57pm

lataഇന്ത്യ മുഴുവന്‍ ചുറ്റി സഞ്ചരിച്ച മധുര ശബ്ദം, 20 ഭാഷകളിലായി 25,000 ത്തോളം ഗാനങ്ങള്‍, ഭാരതരത്‌ന, പത്മഭൂഷണ്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍. ഹിന്ദി സിനിമാ ലോകത്തിന് ലതാ മങ്കേഷ്‌കറിനെ ഒഴിച്ചു നിര്‍ത്തിയൊരു കാലത്തെക്കുറിച്ച് സങ്കല്‍പിക്കാന്‍ പ്രയാസം. ഇന്ന് ഇന്ത്യയുടെ വാനമ്പാടിക്ക് 80 തികയുന്നു.

1929. സെപ്റ്റംബര്‍ 28ന് ഇന്‍ഡോറില്‍ ഒരു കൊങ്കണി കുടുംബത്തിലാണ് ലതയുടെ ജനനം. പിതാവ് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കര്‍ ശാസ്ത്രീയ സംഗീതജ്ഞനും നാടക നടനുമായിരുന്നു. അമ്മ ശുദ്ധമാതി. ആദ്യനാമം ഹരിദയ എന്നായിരുന്നു. പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധന്‍ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി, പേരു ലത എന്നാക്കിമാറ്റി. ദീനനാഥിന്റെ സ്വദേശമായി ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്‌കര്‍ എന്ന് കൂടി പേരിനൊപ്പം ചേര്‍ത്തു. അങ്ങനെ ലതാ മങ്കേഷ്‌കറായി. പിതാവില്‍നിന്നാണ് ലത സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. അഞ്ചാമത്തെ വയസ്സില്‍ പിതാവിന്റെ സംഗീതനാടകങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി.

1942ല്‍ ‘കിടി ഹസാല്‍’ എന്ന മറാത്തി ചിത്രത്തില്‍ ‘നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി’ എന്ന ഗാനമാണ് ആദ്യമായി ലത ആലപിച്ചത്, എന്നാല്‍ ഈ ഗാനം സിനിമയില്‍ വെളിച്ചം കണ്ടില്ല. ആ വര്‍ഷം തന്നെ ലത, ‘പാഹിലി മംഗളഗോര്‍’ എന്ന മറാത്തി ചിത്രത്തില്‍ അഭിനയിക്കുകയും ‘നടാലി ചൈത്രാചി നവാലായി’ എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943ല്‍ ‘ഗജാബാഹു’ എന്ന ചിത്രത്തിലെ ‘മാതാ ഏക് സപൂത് കി ദുനിയാ ബദല്‍ ദേ തൂ….’ എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം.

മലയാളത്തില്‍ ‘നെല്ല്’എന്ന ചിത്രത്തിലെ ‘കദളി ചെങ്കദളി..’ എന്ന് തുടങ്ങുന്ന ഗാനം ലതാമങ്കേഷകര്‍ ആലപിച്ചതാണ്. ഒ.എന്‍.വി. കുറുപ്പിന്റെ ഈ വരികള്‍ക്ക് സലില്‍ ചൗധരിയാണ് ഈണമിട്ടത്. രാജ്യത്തെ പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട് മങ്കേഷ്‌കറിന്. 50കളില്‍ തന്നെ അനില്‍ ബിശ്വാസ്, ശങ്കര്‍-ജയ്കിഷന്‍, നൗഷാദ്, എസ് ഡി ബര്‍മന്‍, സി രാമചന്ദ്രന്‍, ഹേമന്ദ് കുമാര്‍ സലില്‍ ചൗധരി, ഖയ്യാം, രവി, സജ്ജാദ് ഹുസൈന്‍ തുടങ്ങി നിരവധി സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ലതക്ക് അവസരം ലഭിച്ചു. ബൈജു ബവാരാ, മുഗള്‍ ഇ അസം, കോഹിനൂര്‍ തുടങ്ങിയ സിനിമകളിലൂടെയാണ് അവരെ രാജ്യം ശ്രദ്ധിച്ചു തുടങ്ങിയത്. 60കള്‍ ആയപ്പോഴേക്കും രാജ്യത്തെ മുഖ്യധാര പിന്നണി ഗായികയായി ലത ഉയര്‍ന്നു.

40 കളില്‍ തന്നെ അവര്‍ ഹിന്ദി സിനിമാ ലോകത്തെ തന്റെ ശബ്ദം കൊണ്ട് വിസമയിപ്പിച്ചിരുന്നു. 50കളിലെയും 60കളിലെയും ഹിന്ദി സിനിമാ സൗന്ദര്യ റാണിമാരായ വഹീദ റഹ്മാന്‍, സാധന, മധുബാല എന്നിവരുടെ ശബ്ദമായി മാറി മങ്കേഷ്‌കര്‍.

പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയായ ആശാ ഭോസ്‌ലേ ഇളയ സഹോദരിയാണ്. ഭാരതരത്‌ന കൂടാതെ പത്മഭൂഷണ്‍(1969), പത്മവിഭൂഷണ്‍(1999), ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്(1989), ഭാരതരത്‌നം(2001), മൂന്ന് നാഷനല്‍ ഫിലിം അവാര്‍ഡുകള്‍, 12 ബംഗാള്‍ ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അവാര്‍ഡുകള്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലതയെ തേടിയെത്തിയിട്ടുണ്ട്.

Advertisement