Categories

Headlines

എന്റെ പ്രിയ സംഗീത സംവിധായകന്‍

ലതാ മങ്കേഷ്‌കര്‍

ഒരു കാലത്ത് സംഗീത സംവിധായകനായ സലിന്‍ദാ മുംബൈയിലെ സിനിമാലോകത്ത് അനിഷേധ്യസ്ഥാനം അലങ്കരിച്ചിരുന്നു. ഇന്ത്യന്‍ പീപ്പിള്‍ അസോസിയേഷന്‍ ഇപ്റ്റയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രശസ്തി ബംഗാളിന് പുറത്തേക്ക് വ്യാപിച്ചു.

ഇപ്റ്റയുടെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ സലിന്‍ദാ തന്റെ പ്രവര്‍ത്തനം മുംബൈയില്‍ കേന്ദ്രീകരിച്ചു. അപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത്. എനിക്ക് നല്ല ബഹുമാനം തോന്നി. ബംഗാളി സിനിമകള്‍ക്ക് വേണ്ടി എന്നെക്കൊണ്ട് പാടിച്ചു. ഈ ഗാനങ്ങളൊക്കെ അതിന്റെ മെലഡികൊണ്ടും ലിറിക്‌സ് കൊണ്ടും അസാധാരണമായിരുന്നു.

എന്റെ സംഗീത ജീവിതത്തില്‍ ഞാന്‍ ഏതാണ്ട് നൂറിലധികം സംഗീത സംവിധായകരുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്. അതില്‍ ഒരു പക്ഷെ പത്തുപേര്‍ക്ക് മാത്രമേ സിനിമയേയും സംഗീതത്തേയും കുറിച്ച് നല്ല ധാരണകള്‍ ഉള്ളൂ. ഈ പത്തു പേരില്‍ സലില്‍ദാ ഉയര്‍ന്ന സ്ഥാനം വഹിക്കുന്നു.

അദ്ദേഹത്തിന്റെ മെലഡി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ്. സലില്‍ദാക്ക് ബംഗാളി നാടോടി സംഗീതത്തില്‍ അഗാധമായ പാണ്ഡിത്യമുണ്ട്. കല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന വഴികളില്‍ അദ്ദേഹം പല തവണ അപ്രത്യക്ഷനാവും. ഈ സമയം നാടോടി സംഗീതത്തെ മനസ്സിലാക്കുവാന്‍ അദ്ദേഹം ഏതെങ്കിലും കുഗ്രാമത്തില്‍ ചെലവഴിക്കുകയായിരിക്കും.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലമുള്ള നാടോടി സംഗീതവുമായി അദ്ദേഹത്തിന് നല്ല പരിചയമുണ്ട്. ഈ നാടോടി സംഗീതത്തെ അത്ഭുതകരമായി ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതവുമായി യോജിപ്പിക്കും. ചില സമയങ്ങളില്‍ ഭക്ഷണമോ ഉറക്കോ ഇല്ലാതെ തന്റെ കമ്പോസിഷനുകളെ വിലയിരുത്താനും ഈണങ്ങള്‍ ഉണ്ടാക്കാനും വേണ്ടി ചിലവഴിക്കും.

ഞാന്‍ അദ്ദേഹത്തിനുവേണ്ടി രണ്ട് പതിറ്റാണ്ടോളം പാടി. അതിനുമുമ്പോരിക്കലും സലിന്‍ദായുടെ പോലൊരുസംഗീത സംവിധായകനെ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല.

(അവലംബം- അലോക്പത് മാഗസിന്‍. പരിഭാഷ: നദീം നൗഷാദ് )


LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.