ഉത്തര്‍പ്രദേശിന്റെ എറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ മകന്‍ അഖിലേഷ് യാദവ് അധികാരത്തിലേറിയിട്ട് ആറ് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. എന്നാല്‍ ഉത്തര്‍ പ്രദേശില്‍  ഇപ്പോള്‍ സന്തോഷത്തിന്റെ നാളുകളല്ല. മറിച്ച് ഭീതിയുടെ നാളുകളാണ്. കാരണം അവിടെ അഖിലേഷ് അധികാരത്തിലേറി മണിക്കൂറുകള്‍ക്കകം തന്നെ ഗുണ്ടാരാജ് തിരിച്ചുവരികയായിരുന്നു.

Ads By Google

ഗുണ്ടാരാജില്‍ കൊല ചെയ്യപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 2437 ആയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇപ്പോഴുള്ള പ്രതിസന്ധിയെ മുഖ്യമന്ത്രി അഖിലേഷ് യാദവും സമ്മതിച്ചു.

Subscribe Us:

ഈ വര്‍ഷം മാര്‍ച്ച് 15നാണ് അഖിലേഷ് അധികാരത്തിലെത്തിയത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന തിരയടങ്ങാന്‍ അധികനേരം വേണ്ടിവന്നില്ല. കഴിഞ്ഞ നാളുകളില്‍ നടമാടിയിരുന്ന ഗുണ്ടാരാജ് കൂടുതല്‍ കരുത്തോടെ തിരിച്ചുവരികയായിരുന്നു.

മുഖ്യമന്ത്രിയായി അരങ്ങേറ്റം കുറിച്ചുകൊണ്ടുള്ള ആഘോഷപരിപാടിപോലും കലാപകലുഷിതമായി മാറിയിരുന്നു. ആഘോഷത്തിനായി ഒത്തുകൂടിയ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നുതവണ എം.എല്‍.എ ആയ മറ്റൊരു പാര്‍ട്ടി നേതാവിന്റെ നേതൃത്വത്തില്‍ ആഘോഷപരിപാടിയെ കലാപമാക്കിമാറ്റുകയായിരുന്നു.

തുടര്‍ന്നുവന്ന മാസങ്ങളിലെ സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് അവിടുത്തെ ക്രമസമാധാനനില തകര്‍ന്നതിന്റെ ഒരു നേര്‍ ചിത്രം കൂടിയാത്തീര്‍ന്നു.

അഖിലേഷ് അധികാരത്തിലെത്തിയതിന് ശേഷം 2437 കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ 1100 ലൈംഗികാക്രമണക്കേസുകളും 450 പിടിച്ചുപറിക്കേസുകളും റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

ക്രമസമാധാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് റായ് ബറേലി, കോശി കലാന്‍ മുതലായ നഗരങ്ങള്‍ നിരവധി തവണ ദീര്‍ഘമായ കര്‍ഫ്യൂകള്‍ക്ക് വിധേയമായി.

എന്നാല്‍ മുഖ്യമന്ത്രി പഴിചാരുന്നത് പോലീസ് സേനയെയാണ്. ‘പോലീസ് സേന ഇപ്പോള്‍ വഷളായിരിക്കുകയാണ്. ഞങ്ങള്‍ അത് പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.’ അഖിലേഷ് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍ ഇത് അഖിലേഷ് യാദവിന്റെയും സാമാജ്‌വാദി പാര്‍ട്ടിയുടെയും പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.