ദല്‍ഹി: സ്വന്തം നാട്ടില്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിനെ മുംബൈ ഇന്ത്യന്‍ തകര്‍ത്തുവിട്ടു. ലസിത് മലിംഗയെന്ന പേസറുടെ തീപാറുന്ന പന്തുകള്‍ക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതിരുന്ന ദല്‍ഹി എട്ടുവിക്കറ്റിനാണ് മുംബൈയോട് തോറ്റത്. സ്‌കോര്‍ ദല്‍ഹി; 95. മുംബൈ; 2/99. 3.4 ഓവറില്‍ 13 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റാണ് മലിംഗ കടപുഴക്കിയത്.

ആദ്യം ബാറ്റുചെയ്ത ദല്‍ഹിക്ക് ഒരുഘട്ടത്തില്‍ പോലും മേല്‍ക്കൈ നേടാനായില്ല. വാര്‍ണറെ ബൗള്‍ഡാക്കി മലിംഗയാണ് ദല്‍ഹിയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് തുരുതുരാ വിക്കറ്റുകള്‍ വീണു. മലിംഗയുടെ അഞ്ചുവിക്കറ്റ് നേട്ടത്തില്‍ നാലും എതിരാളിയുടെ സ്റ്റമ്പ് പിഴുതുള്ള പ്രകടനമായിരുന്നു.

സെവാഗ് (19), ഓജ (29) വേണുഗോപാല റാവു (26) എന്നിവര്‍ മാത്രമാണ് ദല്‍ഹി നിരയില്‍ രണ്ടക്കം കണ്ടത്. മുംബൈയ്ക്കായി ഹര്‍ഭജന്‍ രണ്ടുവിക്കറ്റ് നേടി. മറുപടിയായി മുംബൈക്കുവേണ്ടി സച്ചിന്‍ (46*), ശര്‍മ (27*) എന്നിവര്‍ മികച്ച പ്രകടനം നടത്തി.

വിജയത്തോടെ വാരിയേര്‍സ്
തങ്ങളുടെ ആദ്യ മല്‍സരം പൂനെ വാരിയേര്‍സ് വിജയിച്ചു. പഞ്ചാബ് കിംഗ്‌സ് ഇലവനെ ഏഴുവിക്കറ്റിനാണ് തോല്‍പ്പിച്ചത്. സ്‌കോര്‍; പഞ്ചാബ് 112, പൂനെ വാരിയേര്‍സ് 3/113. മൂന്നോവറില്‍ 16 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്ത എസ്.ബി വോഗാണ് കളിയിലെ താരം.

കൂറ്റനടിക്കാരായ ഗില്‍ക്രിസ്റ്റിനെയും മാര്‍ഷിനേയും തുടക്കത്തിലേ നഷ്ടമായതാണ് പഞ്ചാബിന് വിനയായത്. തുടര്‍ന്നെത്തിയ ബാറ്റ്‌സ്മാന്‍മാര്‍ ആരും തന്നെ ക്രീസില്‍ പിടിച്ചുനിന്നില്ല. മക്‌ലാരന്‍ മാത്രമാണ് (51*) കുറച്ചെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്.

ലോകകപ്പിന്റെ താരം യുവരാജ് സിംഗിന്റെ നേതൃത്വത്തിലിറങ്ങിയ പൂനെ മൂന്നുവിക്കറ്റ് മാത്രം ലക്ഷ്യപ്പെടുത്തി ലക്ഷ്യം കണ്ടു. റെയ്ഡര്‍ 31, മന്‍ഹാസ് 35, ഉത്തപ്പ 22, യുവരാജ് 21* എന്നിവര്‍ പൂനെയ്ക്കുവേണ്ടി തിളങ്ങി.