മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലും ഐ.പി.എല്ലുമായി ഒരു ബന്ധവുമില്ലെന്ന് ലങ്കന്‍ പേസര്‍ ലസിത് മലിംഗ. ഐ.പി.എല്ലിലെ പണംകണ്ട് മഞ്ഞളിച്ചാണ് താന്‍ ടെസ്റ്റ് മതിയാക്കിയതെന്ന ആരോപണത്തെയും മലിംഗ നിഷേധിച്ചു.

വിരമിക്കല്‍ തീരുമാനത്തിന് പിന്നില്‍ പണത്തിന്റെ സ്വാധീനമില്ല. ഐ.പി.എല്ലാണ് തന്നെ വിരമിക്കലിലേക്ക് നയിച്ചതെന്ന വാര്‍ത്തയും തെറ്റാണ്. ശ്രീലങ്കയ്ക്ക് വേണ്ടി ഏകദിനങ്ങളിലും ട്വന്റി-20യിലും ഇനിയും കളിക്കുമെന്നും മലിംഗ പറഞ്ഞു.

കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കില്ലെന്ന് മലിംഗ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ മലിംഗ അടക്കമുള്ള താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തണമെന്നായിരുന്നു ബോര്‍ഡിന്റെ നിര്‍ദ്ദേശം. തുടര്‍ന്നാണ് മലിംഗ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.