വാഷിങ്ടണ്‍ : പാക്ക് ഭീകര സംഘടനയായ ലഷ്‌കറെ തയിബ രാജ്യാന്തര തലത്തില്‍ ആക്രമണ ലക്ഷ്യമിട്ട 320 സ്ഥലങ്ങളില്‍ 20 കേന്ദ്രങ്ങളും ഇന്ത്യയിലാണെന്ന് അമേരിക്ക. അമേരിക്കന്‍ ജനപ്രതിനിധി സഭാ അംഗം ഗാരി അക്കര്‍മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുംബയ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ലക്ഷ്‌കറെയുടെ ആക്രമണ പദ്ധതിയെക്കുറിച്ച് തെളിഞ്ഞത്.

ലഷകറെ തയിബയെ ഔദ്യോഗികമായി നിരോധിച്ചെങ്കിലും പാക്കിസ്ഥാനില്‍ മാത്രം രണ്ടായിരം ഓഫിസുകള്‍ ഇവര്‍ പ്രവര്‍ത്തിപ്പിക്കുന്നതായാണ്
സൂചന. പാക്കിസ്ഥാന്‍ സൈന്യവുമായും ഇവര്‍ ബന്ധം പുലര്‍ത്തുന്നുണ്ട്.

Subscribe Us:

മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങള്‍ക്ക് പാക്ക് സേന സഹായം നല്‍കുന്നുണ്ടെന്നു സംശയിക്കുന്നതായും അക്കര്‍മാന്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ യു എസ് സേനക്ക് എതിരായി ലഷ്‌കര്‍ ഭീകരര്‍ ദിനംപ്രതി ആക്രമണം നടത്തുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകങ്ങളില്‍ അവര്‍ ലക്ഷ്യമിടുന്ന രാജ്യം ഇന്ത്യയാണ്. ലോകമെമ്പാടും ഭീകരത വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ലക്ഷ്‌കര്‍ ഭീകരര്‍ . ഇവരുടെ നീക്കങ്ങള്‍ തകര്‍ക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.