കൊച്ചി: ലഷ്‌കര്‍ ഇ-തോയ്ബ കൊച്ചി ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് വിവരം നല്കിയതിനാല്‍
കൊച്ചിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കനത്ത സുരക്ഷ തുടരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയാണ് കമ്മിഷണര്‍ മനോജ് എബ്രഹാമിന് ഫോണ്‍ മുഖേന ജാഗ്രതാ സന്ദേശം കൈമാറിയിരുന്നത്.

കടല്‍ത്തീരങ്ങളില്‍ നേവിയും, കോസ്റ്റുഗാര്‍ഡും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. മത്‌സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കടലോര ജാഗ്രതാ സമിതികള്‍ക്കും പോലീസ് വിവരം കൈമാറിയിട്ടുണ്ട്. സുരക്ഷാ ഭീഷണിയുള്ള മട്ടാഞ്ചേരി ജൂതപള്ളിക്ക് കമാന്‍ഡോ സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുറമുഖം, ഷിപ്പ്‌യാര്‍ഡ്, കലക്‌ട്രേറ്റ്, ബി പി സി എല്‍ കൊച്ചി റിഫൈനറി, റയില്‍വേ, പോലീസ് സ്റ്റേഷനുകള്‍ എന്നിവടങ്ങളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഹൈക്കോടതി ഇന്‍ഫോപാര്‍ക്ക്, കാക്കനാട് വ്യവസായ മേഖല എന്നിവിടങ്ങളിലും പഴുതില്ലാത്ത സുരക്ഷ തുടരുന്നുണ്ട്.

വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ കൊച്ചിയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ഇടതടവില്ലാതെ പരിശോധന നടത്തും. മദ്യപരെ കുടുക്കാനും ഹെല്‍മറ്റ് ധരിക്കാത്തവരെ കണ്ടെത്താനും വേണ്ടി നടത്തുന്ന സാധാരണ പരിശോധന പോലെയാകരുത് ഈ ദിവസങ്ങളിലെ പരിശോധനയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സേ്ഫാടകവസ്തുക്കള്‍ , ആയുധങ്ങള്‍ എന്നിവ കടത്തുന്നുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്നും രേഖമൂലം നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്ന വ്യക്തികളെയും വസ്തുക്കളെയും കുറിച്ച് പൊതുജനങ്ങള്‍ വിവരമറിയിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണ്‍ : 0484 2394650, 2394500, 2390280

ലഷ്‌കര്‍ ഇ തൊയ്ബയുടെ ഇന്ത്യന്‍ വിഭാഗമായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ കൊച്ചിയില്‍ ആക്രമണത്തിന് ലക്ഷ്യമിടുന്നതായാണ് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയത്. മാര്‍ച്ച് ആറിന് യു പിയില്‍ അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ പോട്ടു എന്ന സല്‍മാന്‍ അഹമ്മദിനെ (21) ഡല്‍ഹി പോലീസ് ചോദ്യം ചെയ്തതിനിടയിലാണ് കൊച്ചി ആക്രമണ പദ്ധതിയെക്കുറിച്ച് വിവരം ലഭിച്ചത് എന്നാണ് ഐ ബി പറയുന്നത്.