മുംബൈ: ലഷ്‌കര്‍ ഇ തൊയ്ബയിലെ നാല് തീവ്രവാദികള്‍ മുംബൈയിലെത്തിയെന്ന സംശയത്തെ തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ ശക്തമാക്കി. ആഘോഷവേളയില്‍ സ്‌ഫോടനങ്ങള്‍ നടത്താനായാണ് ഇവര്‍ എത്തിയതെന്നും പോലീസ് പറഞ്ഞു. അബ്ദുള്‍ കരിം മൂസ, നൂര്‍ അബ്ദുള്‍ ഇലാഹി, വാലിദ് ജിന്ന, മഫൂസ് അ്‌സ്‌ലം എന്നീ തീവ്രവാദികളാണ് നഗരത്തില്‍ കടന്നതെന്ന് പോലീസ് അറിയിച്ചു.

20-30 വയസിനിടയിലുള്ള നാലു കൊടുംതീവ്രവാദികളാണ് നഗരത്തിലെത്തിയതെന്ന് ക്രൈം ജോയിന്റ് പോലീസ് കമ്മീഷണര്‍ ഹിമാന്‍ഷു റോയ് പറഞ്ഞു. പള്ളികള്‍, ആശുപത്രികള്‍, മറ്റ് സുപ്രധാന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായും കമ്മീഷണര്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച്ചയും മുംബൈയില്‍ തീവ്രവാദികള്‍ കടന്നുവെന്ന വാര്‍ത്തയുണ്ടായിരുന്നു.