ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തിന് ആക്രമണം നടത്തുന്നതു ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ എത്തിയ മൂന്ന് ലഷ്‌കര്‍ ഇ തയിബ ഭീകരര്‍ക്കായുള്ള അന്വേഷണം ഡല്‍ഹി പോലീസ് ശക്തമാക്കി.

കാശ്മീരില്‍ നിന്നും ഡല്‍ഹിയിലേക്ക് നുഴഞ്ഞുകയറിയ ഭീകരരെക്കുറിച്ച് മൂന്നു ദിവസം മുന്‍പാണ് ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം കിട്ടിയത്. ഇത് പോലീസിന് കൈമാറുകയായിരുന്നു.

ലഷ്‌കര്‍ ഭീകരരായ ബിലാന്‍ അഹമ്മദ് ബാഗ്, ഇബ്രാഹീം ഷെയ്ഖ് ഷാജഹാന്‍ എന്നിവരാണു നഗരത്തില്‍ എത്തിയിട്ടുള്ളത്. രാജ്യാന്തര വ്യാപാരമേള നടക്കുന്ന പ്രഗതി മൈതാന്‍, ഭൂഗര്‍ഭ വിപണന കേന്ദ്രമായ പാലിക ബസാര്‍, ഡല്‍ഹി മെട്രോ ശൃംഖല തുടങ്ങിയവയില്‍ ആക്രമണം നടത്താനാണ് ഇവരുടെ പദ്ധതിയെന്നാണ് സൂചന.

തിരച്ചില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി പോലീസിന്റെ ഭീകരവിരുദ്ധ വിഭാഗമായ സ്‌പെഷല്‍ സെല്ലിന്റെ നേതൃത്വത്തിലാണ് ഭീകരര്‍ക്കായുള്ള തിരച്ചില്‍ നടത്തുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.