എഡിറ്റര്‍
എഡിറ്റര്‍
ഫേസ്ബുക്കിന്റേത് മോശം ജോലിയെന്ന് ഗൂഗിള്‍
എഡിറ്റര്‍
Sunday 20th January 2013 11:47am

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് ചെയ്യുന്നത് മോശം ജോലിയാണെന്ന് ഗൂഗിള്‍. ഗൂഗിള്‍ സ്ഥാപകനും സി.ഇ.ഒയുമായ ലാറി പേജാണ് ഫേസ്ബുക്കിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

ഒരു അഭിമുഖത്തിനിടെയാണ് ലാറി തങ്ങളുടെ ആജന്മ ശത്രുവിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ വളര്‍ച്ച ഗൂഗിളിനെ ഒരുതരത്തിലും ദോഷകരമായി ബാധിക്കില്ലെന്നും ലാറി വ്യക്തമാക്കി.

Ads By Google

ഫേസ്ബുക്കിനെ കൂടാതെ ആപ്പിളിനെയും ലാറി രൂക്ഷമായി വിമര്‍ശിച്ചു. ഗൂഗിള്‍ പ്ലസിന് ഫേസ്ബുക്ക് ഒരുതരത്തിലും വെല്ലുവിളിയാവില്ലെന്നും രണ്ടും തങ്ങളുടെ സ്വന്തം വഴികളിലൂടെ പോകുന്നവരാണെന്നും ലാറി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഫേസ്ബുക്കും ഗൂഗിളും വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നവരാണ്. ഒരാള്‍ മറ്റൊരാളെ കവച്ചുവെക്കുമെന്ന് വിശ്വസിക്കുന്നത് മണ്ടത്തരമാണ്.

1997 ല്‍ എത്തിയ ഗൂഗിള്‍ സെര്‍ച്ച് കമ്പനി ഇത്രകാലമായും ഒന്നാമതായി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് കമ്പനിയുടെ വിജയമാണെന്നും മറ്റൊരു കമ്പനിക്കും അത്രയെളുപ്പത്തില്‍ അത് തകര്‍ക്കാനാകില്ലെന്നും ലാറി പറയുന്നു.

അതേസമയം, ഫേസ്ബുക്ക് ചെയ്യുന്നത് മോശം ജോലിയാണെന്ന് പറഞ്ഞ ലാറി ഫേസ്ബുക്കിന്റെ ഏത് ജോലിയാണ് മോശം എന്ന് വ്യക്തമാക്കിയില്ല. എന്നാല്‍ ഫേസ്ബുക്കിന്റെ പ്രൈവസി പോളിസിയെ കുറിച്ചാണ് ലാറി പറഞ്ഞതാണെന്നാണ് സൂചന.

എന്തായാലും ലാറി പേജിന്റെ ആരോപണത്തിനെതിരെ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisement