മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനേക്കാളും ഓസ്‌ട്രേലിയന്‍ താരം റിക്കിപോണ്ടിംഗിനേക്കാളും കേമന്‍ ബ്രയാന്‍ ലാറയാണെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ സാധിക്കുക എന്നത് ഒരു കഴിവാണ്. 400 റണ്‍സില്‍ നോട്ടൗട്ട് എന്ന ലാറയുടെ റെക്കോര്‍ഡ് മറികടക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഇനി കഴിയുമോ എന്നതും സംശയമാണ്.

ടെസ്റ്റില്‍ നാന്നൂറും മുന്നൂറും പിന്നെ ഏഴ് ഇരട്ട സെഞ്ച്വറിയും നേടിയ ലാറയുടെ അടുത്തെത്താന്‍ സച്ചിനോ പോണ്ടിംഗിനോ കഴിഞ്ഞിട്ടില്ല. ടീമിന് വലിയ ഇന്നിംഗ്‌സുകള്‍ ആവശ്യമുള്ളപ്പോഴാണ് ലാറ തന്റെ മികച്ച പ്രകടനം പുറത്തെടുക്കാറ്.

ലാറ വളരെ വേഗത്തിലാണ് സ്‌കോര്‍ ചെയ്യാറ്. ബൗളറുടെ ലൈനും ലെഗ്തുമൊക്കെ ലാറ പെട്ടന്ന് പഠിച്ചെടുക്കും. പിന്നീട് എല്ലാ നിയന്ത്രണങ്ങളും ലാറയുടെ കൈയിലായിരിക്കും. വിക്കറ്റ് നഷ്ടപ്പെടുമോ എന്ന ഭയമൊന്നും ലാറയെ അലട്ടാറില്ല. അദ്ദേഹം സ്പിന്നിനെ കൈകാര്യം ചെയ്യുന്ന രീതിയും അദ്ദേഹത്തിന്റെ പല ഷോട്ടുകളും വിസ്മയം ജനിപ്പിക്കുന്നതാണ്.

കണക്കുകള്‍ പരിശോധിച്ചു നോക്കിയാല്‍ ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിംഗ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അടുത്തുപോലുമെത്തില്ല. എന്നാല്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച് കളിക്കുന്നതില്‍ പോണ്ടിംഗ് മുന്നിലാണ്.

മികച്ച ബാറ്റ്‌സ്മാന്‍ ആരാണെന്ന ചര്‍ച്ച ചൂടുപിടിച്ചപ്പോള്‍ സച്ചിന്റെയും പോണ്ടിംഗിന്റെയും മറ്റ് ക്ലാസിക് ബാറ്റ്‌സ്മാന്‍മാരുടെയും പേരുകള്‍ പരാമര്‍ശിക്കപ്പെട്ടപ്പോള്‍ ലാറയെ ഒഴിവാക്കി നിര്‍ത്തിയത് ശരിയായില്ലെന്നും ചാപ്പല്‍ വ്യക്തമാക്കി.

Malayalam News

Kerala News In English