കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റനിത് നല്ലകാലം അല്ലെന്ന് നിസംശയം പറയാം. മുന്‍ പരമ്പരകളുടെ റിസല്‍ട്ട് നോക്കുകയൊന്നും വേണ്ട അതിന്, ഇന്ത്യക്കെതിരായ ടെസ്റ്റ്- ഏകദിന പരമ്പരയിലെ ഇതുവരെയുള്ള പ്രകടനം മാത്രം നോക്കിയാല്‍ മതി.

അമ്പേ പരാജയപ്പെട്ട ആദ്യ ഏകദിനം, ജയം മണത്തിട്ടും തോല്‍വി രുചിച്ച രണ്ടാം ഏകദിനം, പ്രതിരോധിക്കാവുന്ന സ്‌കോര്‍ ഉയര്‍ത്തിയിട്ടും തോല്‍വിയേറ്റുവാങ്ങേണ്ടി വന്ന മൂന്നാം ഏകദിനം. ആരാധകരുടെ ക്ഷമ നശിക്കാന്‍ ഇതില്‍ കൂടുതല്‍ ഒന്നും വേണ്ടിയിരുന്നില്ല.

ഇന്ത്യ മത്സരവും പരമ്പരയും സ്വന്തമാക്കാന്‍ വെറും എട്ട് റണ്‍സ് മാത്രം അകലെ നില്‍ക്കവേ നിരാശയിലായ കാണികള്‍ ഗ്രൗണ്ടിലേക്ക് കുപ്പിയേറ് നടത്തുകയായിരുന്നു. താരങ്ങളെ കുക്കിവിളിച്ച ആരാധകര്‍ തങ്ങളുടെ കയ്യിലുള്ള പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയാന്‍ തുടങ്ങി.


Dont Miss: അതിലും ഭേദം തൂങ്ങി ചാവുന്നതാണ്; ബി.ജെ.പിയുമായി സന്ധിയിലേര്‍പ്പെടുന്നതിനെ കുറിച്ച് ലാലു പ്രസാദ് യാദവ്


ഇതോടെ മത്സരം നിര്‍ത്തിവെച്ച് രംഗം ശാന്തമാക്കാനായി അധികൃതരുടെ ശ്രമം. എന്നാല്‍ തങ്ങളുടെ രോഷം എറിഞ്ഞു തീര്‍ത്ത ആരാധകരെ പിന്തിരിക്കാന്‍ സ്റ്റേഡിയത്തിലുള്ള പൊലീസുകാര്‍ മതിയായിരുന്നില്ല. പിന്നീട് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി കുഴപ്പം ഉണ്ടാക്കിയ ആരാധകരെ പുറത്താക്കുന്നതുവരെ മത്സരം നിര്‍ത്തിവെക്കുകയായിരുന്നു.

ഈ സമയം ഗ്രൗണ്ടിലുണ്ടായിരുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി മൈതാനത്ത് കിടന്നുറങ്ങിയത് കമന്ററി ബോക്‌സില്‍ ചിരിയുണര്‍ത്തുകയും ചെയ്തു.