മിര്‍പൂര്‍ : ഇന്ത്യയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ശ്രീലങ്ക ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരായി. ഇന്ത്യ ഉയര്‍ത്തിയ 246 റണ്‍സ് വിജയ ലക്ഷ്യം 48.3 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടന്നു. പത്ത് ഓവറില്‍ 48 റണ്‍സ് മാത്രം വഴങ്ങി ഇന്ത്യയുടെ നാലു വിക്കറ്റുകള്‍ വീഴ്ത്തിയ നുവാന്‍ കുലശേഖരയാണ് മാന്‍ ഓഫ് ദി മാച്ച്. ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയാണ് മാന്‍ ഓഫ് ദി സീരീസ്. വിരാട് കോഹ്‌ലിക്ക് ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ (275 റണ്‍സ്) കളിക്കാരനുള്ള പുരസ്‌കാരം ലഭിച്ചു.

81 പന്തില്‍ പുറത്താകാതെ 71 റണ്‍സടുത്ത മഹേല ജയവര്‍ധനയാണ് ശ്രീലങ്കയെ വിജയത്തിലേക്കു നയിച്ചത്. നായകന്‍ കുമാര്‍ സംഗക്കാരെ 55 റണ്‍സും, തിലകരത്‌ന ദില്‍ഷന്‍ 49 റണ്‍സും നേടി. ഇന്ത്യക്കു വേണ്ടി ഹര്‍ഭജന്‍ സിങ് രണ്ടും യുവരാജ് സിങ്, ആശിഷ് നെഹ്‌റ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ 245 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഒരു ഘട്ടത്തില്‍ 60 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ സുരേഷ് റെയ്‌നരവീന്ദ്ര ജഡേജ സഖ്യം 106 റണ്‍സ് നേടി ഭേദപ്പെട്ട സ്‌കോറിലെത്തിക്കുകയായിരുന്നു.