മഹാരാഷ്ട്ര: കനത്ത മഴയെ തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. രത്‌നഗിരിയ്ക്കടുത്താണ് പാളത്തിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്.

മണ്ണിടിച്ചലിനെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഏറണാകുളം നിസ്സമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സപ്രസ് രത്‌നഗിരിയിലെ അഡാവലി സ്റ്റേഷനില്‍ പുലര്‍ച്ചെ മുതല്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ട്രെയിനില്‍ ഭക്ഷണവും വെള്ളവും തീര്‍ന്നത് യാത്രക്കാര്‍ക്ക് ദുരിതം സൃഷ്ടിച്ചതായും റിപ്പോര്‍ട്ടുണ്ട്.

മംഗള ഉള്‍പ്പെടെ ഈ റൂട്ടിലൂടെ വരുന്ന ട്രെയിനുകള്‍ എല്ലാം വൈകുമെന്ന് റയില്‍വേ അറിയിച്ചു. പാളത്തില്‍ നിന്ന് മണ്ണ് മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഉച്ചയോടെ മാത്രമേ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയൂവെന്നാണ് വിവരം.

മണ്ണിടിച്ചില്‍ സാധ്യതയുള്ള ഇടങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും മുംബൈയില്‍ പെയ്യുന്ന കനത്ത മഴയാണ് വീണ്ടും മണ്ണിടിയാന്‍ കാരണം.