കോതമംഗലം: സംസ്ഥാനത്ത് കനത്തെ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍
കോതമംഗലത്ത് അഞ്ച് പേര്‍ മരിച്ചു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞുണ്ടായ ദുരന്തത്തില്‍ ഏഴുവീടുകള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലാവുകയും ചെയ്തു.

Ads By Google

ഉരുള്‍ പൊട്ടി മലവെള്ളം ഒഴുകി വരുന്നത് കണ്ട താന്നിക്കുഴി നാരായണന്‍ (60) ഹൃദയാഘാതം മൂലമാണ് മരിച്ചത്. മലവെള്ളപ്പാച്ചില്‍ കണ്ട് കുഴഞ്ഞുവീണ നാരായണനെ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാടയ്ക്കാപ്പള്ളി ഐപ്പിന്റെ ഭാര്യ ലീല (55), മാടാക്കാപ്പിള്ളി ഐപ്പ് (62),നാലാം ബ്ലോക്ക് വട്ടക്കുന്നേല്‍ ഔസേപ്പ്‌ (65), കടുവാക്കുഴി മധു (52) എന്നിവരാണ് മരണപ്പെട്ട മറ്റുള്ളവര്‍.

Subscribe Us:

വീടിന്‌ സമീപത്തുള്ള റോഡിനടുത്തുനിന്നുള്ള മണ്ണിനടിയില്‍ നിന്നാണ് ഔസേപ്പിന്റെ മൃതദേഹം കണ്ടെത്തിയത്.  ചെളിയും മണ്ണും വന്നുമൂടിയ നിലയില്‍ കടുവാക്കുഴി മധു, മാടയ്ക്കാപ്പള്ളി ലീല എന്നിവരുടെ മൃതദേഹങ്ങള്‍ രാത്രി ഒമ്പതോടെയാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഐപ്പിന്റെ മൃതദേഹം കണ്ടെടുത്തത്.

പ്രദേശത്ത് വീണ്ടും ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്ര വിദഗ്ധര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് പൊതുവെ കനത്തമഴയാണ് അനുഭവപ്പെട്ടത്. കനത്തമഴമൂലം ലോവര്‍പെരിയാര്‍ ഡാമില്‍ ജലത്തിന്റെ തോത് വര്‍ധിച്ചതിനാല്‍ ഷട്ടറുകള്‍ തുറക്കേണ്ടിവന്നു. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒറീസാ കടല്‍തീരത്തില്‍ ഉണ്ടായ ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാനിരീക്ഷകര്‍ അറിയിച്ചു.

അതേസമയം ഉരുള്‍പൊട്ടലുണ്ടായ കോതമംഗലത്തെ പൈങ്ങോട്ടൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നാവികസേനയെത്തി. കൊച്ചിയില്‍ നിന്ന് 15 പേരടങ്ങുന്ന സംഘമാണ് പൈങ്ങോട്ടൂരെത്തിയിരിക്കുന്നത്. നളിനിയെന്ന സ്ത്രീയെ കാണാതായിട്ടുണ്ട്. അവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

രാവിലെ ഏഴ് മണി മുതല്‍ ഫയര്‍ഫോഴ്‌സ് സംഘം കാണാതായ രണ്ട് പേര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നുണ്ട്. കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തിരച്ചില്‍ നടത്തുന്നത്.

രാവിലെ ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നെങ്കിലും കനത്ത തോതില്‍ മഴയില്ലാത്തത് രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായകരമായി.