എഡിറ്റര്‍
എഡിറ്റര്‍
സമരം പിന്‍വലിക്കില്ലെന്ന് ഭൂസമിതി; ഇനി മുഖ്യമന്ത്രിയുമായി ചര്‍ച്ച
എഡിറ്റര്‍
Saturday 12th January 2013 12:45am

തിരുവനന്തപുരം: ഭൂസമരം പിന്‍വലിക്കില്ലെന്ന് റവന്യൂ മന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഭൂസംരക്ഷണസമിതി നേതാക്കള്‍ പറഞ്ഞു.  ചര്‍ച്ച പരാജയപ്പെട്ടെങ്കിലും മുഖ്യമന്ത്രിയുമായി കൂടുതല്‍ ചര്‍ച്ച നടത്താനുള്ള ധാരണയിലാണ് പിരിഞ്ഞത്.

Ads By Google

ചില കാര്യങ്ങളില്‍ പൊതുധാരണയില്‍ എത്തിയതായും ഭൂസമരം പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചര്‍ച്ചക്കുശേഷം അടൂര്‍ പ്രകാശ് പറഞ്ഞു.

ഭൂരഹിതരെന്ന് സര്‍ക്കാര്‍ കണ്ടെത്തിയ 2,33,232 കുടുംബങ്ങള്‍ക്ക് മൂന്ന് സെന്റ് വീതം നല്‍കാനുള്ള തീരുമാനം അറിയിച്ചെങ്കിലും കൂടുതല്‍ ഭൂമി നല്‍കണമെന്ന ആവശ്യമാണ് അവര്‍ ഉന്നയിച്ചത്.

എന്നാല്‍, ഭൂമിയുടെ ലഭ്യതക്കുറവ് അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഇന്നലെയാണ് എം.എല്‍.എ മാരായ ഇ.പി. ജയരാജന്‍, കെ. രാധാകൃഷ്ണന്‍ , സമര സമിതി നേതാക്കളായ എ. വിജയരാഘവന്‍, ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ ചര്‍ച്ച നടത്തിയത്.

ആഗസ്ത് 15 നകം ഒരു ലക്ഷം പേര്‍ക്ക് മൂന്ന് സെന്റ് വീതം ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിനായി ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള മിച്ചഭൂമി അളന്ന് തിരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു. അതിന് തടസം സൃഷ്ടിക്കരുതെന്ന ആവശ്യം സമിതി നേതാക്കള്‍ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നിര്‍ദിഷ്ട ആറന്മുള വിമാനത്താവള പ്രദേശത്ത് റവന്യൂ ഭൂമിയുണ്ട്. ഈ ഭൂമി പരിശോധിച്ച് വിപണി വില നിശ്ചയിക്കുന്നതിന് കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിപണി വിലയ്ക്ക് വിമാനത്താവള കമ്പനിക്ക് ഭൂമി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നത് വേഗത്തിലാക്കുക, ഭൂമിയുമായി ബന്ധപ്പെട്ട കേസുകളിലെ നടപടികള്‍ വേഗത്തിലാക്കുക, പുറമ്പോക്കുകാര്‍ക്ക് കൈവശാവകാശ പട്ടയം നല്‍കുക എന്നിവയിലാണ് ഇപ്പോള്‍ ധാരണയായത്.

അതേസമയം മുഖ്യമന്ത്രിയുമായി വിശദമായ ചര്‍ച്ചചെയ്തശേഷം പിന്നീട് സമയം അനുവദിക്കാമെന്നും നേതാക്കളെ അറിയിച്ചിരുന്നു. വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം സമരം പിന്‍വലിക്കുന്ന കാര്യം അറിയിക്കാമെന്ന് നേതാക്കള്‍ പറഞ്ഞിട്ടുണ്ട്.

ചില കാര്യങ്ങളില്‍ ധാരണയായെങ്കിലും സുപ്രധാന പ്രശ്‌നങ്ങള്‍ അവശേഷിക്കുകയായണെന്ന് സമിതി നേതാക്കള്‍ പിന്നീട് പത്രസമ്മേളനത്തില്‍ പറഞ്ഞു. മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു രൂപരേഖയും തയാറാക്കിയിട്ടില്ലെന്ന് അവര്‍ ആരോപിച്ചു.

Advertisement