എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എമ്മിന്റെ ഭൂസമരം അവസാനിപ്പിച്ചു
എഡിറ്റര്‍
Thursday 17th January 2013 12:50am

തിരുവനന്തപുരം: സി.പി.ഐ.എം നേതൃത്വത്തിലുളള ഭൂസംരക്ഷണ സമിതി ജനുവരി ഒന്ന് മുതല്‍ നടത്തിവന്ന ഭൂസമരം അവസാനിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി രാത്രി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. സമരം താല്‍ക്കാലികമായി പിന്‍വലിക്കുകയാണെന്ന് ചര്‍ച്ചയ്ക്കുശേഷം ഭൂസംരക്ഷണസമിതി നേതാക്കള്‍ അറിയിച്ചു.

Ads By Google

റവന്യു മന്ത്രി അടൂര്‍ പ്രകാശുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ബുധനാഴ്ച രാത്രി എട്ടരക്ക് ക്‌ളിഫ് ഹൗസില്‍ ആരംഭിച്ച ചര്‍ച്ച പത്തരയോടെ അവസാനിച്ചു. സി.പി.എം നേതാക്കളായ ഇ.പി.ജയരാജന്‍, എ. വിജയരാഘവന്‍, കെ.രാധാകൃഷ്ണന്‍, എം.വി. ഗോവിന്ദന്‍, ബി.രാഘവന്‍, വിദ്യാധരന്‍ കാണി എന്നിവരാണ് ചര്‍ച്ചക്കെത്തിയത്. റവന്യുമന്ത്രിയും ചര്‍ച്ചയില്‍ സംബന്ധിച്ചു.

മുഖ്യമന്ത്രിയുമായി സമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് വീതം നല്‍കാനുള്ള ഭൂരഹിത കേരളം പദ്ധതിയില്‍ അപേക്ഷിക്കാന്‍ ഫെബ്രുവരി 15 വരെ സമയം അനുവദിക്കാന്‍ തീരുമാനമായി. ഭൂപരിഷ്‌കരണ നിയമത്തിന് വിരുദ്ധമായ ഭൂമി കേന്ദ്രീകരണം സംബന്ധിച്ച് കലക്ടര്‍മാര്‍ക്ക് പരാതി നല്‍കാം.

ഭൂമിയുടെ കേന്ദ്രീകരണം നടക്കുന്നു എന്ന് സമിതി പറഞ്ഞത് കണക്കിലെടുത്ത് അവ സംബന്ധിച്ച ലഭ്യമായ തെളിവുകള്‍ തരാന്‍ അവരോടു പറഞ്ഞിട്ടുണ്ട്. ഇതു കൂടാതെ ആര്‍ക്കെങ്കിലും അത്തരം പരാതി ഉണ്ടെങ്കില്‍ കലക്ടര്‍മാര്‍ക്കു നല്‍കാം.

ആദിവാസികള്‍ക്കു ഭൂമി നല്‍കാനുള്ള നടപടി കഴിഞ്ഞ ആന്റണി സര്‍ക്കാര്‍ ആരംഭിച്ചതാണ്. ഇതു ത്വരിതപ്പെടുത്തുന്ന നടപടികള്‍ തുടരും. സമരം തികച്ചും സമാധാനപരമായിരുന്നു എന്നാണു സര്‍ക്കാര്‍ കാണുന്നത്.  കേസ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അക്രമസ്വഭാവമുള്ളതല്ലെങ്കില്‍ പിന്‍വലിക്കും. സമരം നടത്തിയ 129 കേന്ദ്രങ്ങള്‍ മിച്ചഭൂമിയാണോ എന്ന് പരിശോധിക്കും.

ഭൂസമര സംരക്ഷണ സമിതി ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മിച്ചഭൂമി ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. സമരം നടത്തിയ ഭൂമി മിച്ചഭൂമിയാണോയെന്ന് സര്‍ക്കാര്‍ പരിശോധിച്ച് അങ്ങനെയുള്ളത് സര്‍ക്കാര്‍ ഏറ്റെടുക്കും. പുറമ്പോക്കുകളില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കും.

മിച്ചഭൂമിയുമായി ബന്ധപ്പെട്ട് കോടതികളിലുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും, ഭൂപരിധി നിയമം ലംഘിച്ച് 15 ഏക്കറില്‍ കൂടുതല്‍ കൈവശംവെച്ചവരുടെ വിവരങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് അവര്‍ പറഞ്ഞു. ഇത് പരിശോധിക്കുമെന്നും ഭൂ കേന്ദ്രീകരണം തടയുമെന്നും ഉറപ്പുനല്‍കിയതായി അവര്‍ അറിയിച്ചു.

ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കും. എന്നാല്‍, വില്ലേജ്തലം വരെ രൂപവത്കരിച്ച ഭൂസംരക്ഷണ കൂട്ടായ്മകള്‍ പിരിച്ചുവിടില്ല.

Advertisement