എഡിറ്റര്‍
എഡിറ്റര്‍
വയനാട്ടില്‍ ഭൂസമരം കൂടുതല്‍ ശക്തമാകുന്നു
എഡിറ്റര്‍
Tuesday 15th May 2012 4:12pm

മാനന്തവാടി: വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കീഴിലുള്ള ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ വയനാട്ടില്‍ നടക്കുന്ന ഭൂമി കയ്യേറ്റം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. മാനന്തവാടി പഞ്ചാരക്കൊല്ലിയിലും പുല്‍പ്പള്ളിയിലെ നിക്ഷിപ്ത വനമേഖലയിലുമാണ് ഇന്ന് കയ്യേറ്റം നടന്നത്. കഴിഞ്ഞ ഒമ്പതിനാണ് സി.പി.ഐ.എമ്മിന് കീഴിലുള്ള ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ഭൂസമരം ആരംഭിച്ചത്. ചീയമ്പം, വഞ്ഞോട് എന്നിവിടങ്ങളിലെ നിക്ഷിപ്ത വനഭൂമി കയ്യേറിക്കൊണ്ട് ആദിവാസികള്‍ ആരംഭിച്ച സമരം പിന്നീട് സമരം മറ്റ് സംഘടനകളും ഏറ്റെടുക്കുകയായിരുന്നു.

ഭൂസമരം ശക്തമായ സാഹചര്യത്തില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ആദിവാസി ക്ഷേമ സമിതി കുറ്റപ്പെടുത്തി.

നേരത്തെ എം.എ ഷാനവാസ് എം.പി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭൂസമരത്തിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ആദിവാസി കോണ്‍ഗ്രസും ഭൂസമരത്തില്‍ പങ്കുചേരുകയായിരുന്നു. തവിഞ്ഞാല്‍ പഞ്ചായത്തിലെ രണ്ടു കേന്ദ്രങ്ങളിലായി 45 കുടുംബങ്ങളാണ് ആദിവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭൂമി കയ്യേറിയത്.

Advertisement