എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാന വ്യാപകമായി നടത്തുന്ന ഭൂസമരത്തിന് ആവേശകരമായ തുടക്കം
എഡിറ്റര്‍
Tuesday 1st January 2013 1:17pm

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സി.പി.ഐ.എം നടത്തുന്ന ഭൂസമരത്തിന് ആവേശകരമായ തുടക്കം. ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാതിരിക്കുക, നെല്‍വയല്‍, തണ്ണീര്‍ത്തടം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Ads By Google

മിച്ചഭൂമിയും പുറംപോക്കും പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്നാണ് പ്രധാന ആവശ്യം. സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ള ഭൂസംരക്ഷണ സമിതിയാണ് സമരം നടത്തുന്നത്.

14 ജില്ലകളിലും തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മിച്ചഭൂമിയില്‍ പ്രവേശിപ്പിച്ച് പ്രവര്‍ത്തകര്‍ അറസ്റ്റ് വരിക്കും. അറസ്റ്റ് വരിക്കുന്നവര്‍ ജാമ്യമെടുക്കാതെ ജയിലിലേക്ക് പോകും. ജനുവരി 11 വരെ ഓരോ ദിവസവും ആയിരക്കണക്കിന് വളണ്ടിയര്‍മാര്‍ അറസ്റ്റ് വരിക്കും.

എറണാകുളത്ത് പറവൂരില്‍ 152 ഏക്കര്‍ മിച്ചഭൂമിയില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രവേശിച്ചു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമരം ഉദ്ഘാടനം ചെയ്തു. സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

തൃശൂര്‍ വടക്കേക്കളം എസ്‌റ്റേറ്റില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നടപടി സ്വീകരിച്ചില്ലെങ്കില്‍ കുടില്‍കെട്ടി സമരം ആരംഭിക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. കെ രാധാകൃഷ്ണന്‍ എം.എല്‍.എ നേതൃത്വം നല്‍കി.

മിച്ചഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഉടന്‍ കുടില്‍കെട്ടി സമരം ആരംഭിക്കുമെന്ന് പിണറായി പറഞ്ഞു. ഭൂസമരത്തിന്റെഭാഗമായി പ്രശ്‌നങ്ങളുണ്ടായാല്‍ അതിനുത്തരവാദി സര്‍ക്കാര്‍ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് കേന്ദ്ര കമ്മിറ്റിയംഗം പാലോളി മുഹമ്മദ് കുട്ടി സമരം ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍ പരിയാരത്ത് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീം ഉദ്ഘാടനംചെയ്തു. എം പ്രകാശന്‍ നേതൃത്വം നല്‍കി. വയനാട്ടില്‍ എച്ച്.എം.എല്‍ കൈവശം വെക്കുന്ന ഭൂമിയില്‍ ഭൂസമരം ആരംഭിച്ചു.

ചുണ്ടേല്‍ ടൗണില്‍ നിന്ന് പ്രകടനമായാണ് സമരഭൂമിയിലേക്ക് പ്രവര്‍ത്തകര്‍ എത്തിയത്.  മുന്‍ എം.എല്‍.എ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ പി.കൃഷ്ണപ്രസാദ്, സീതാ ബാലന്‍, എം.ഡി സെബാസ്റ്റ്യന്‍, എം.സി ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കോഴിക്കോട് ഉള്ള്യേരി അഞ്ജനോര്‍മലയില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. കെ.ബാബു, കെ പി കുഞ്ഞമ്മദ് കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

മലപ്പുറം പാലേങ്ങാട്ട് കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനംചെയ്തു. വേലായുധന്‍ വള്ളിക്കുന്ന് നേതൃത്വം നല്‍കി. പാലക്കാട് കരിപ്പോട്ട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ ഉദ്ഘാടനംചെയ്തു. പി കെ സുധാകരന്‍ നേതൃത്വം നല്‍കി.

ഇടുക്കി ചിന്നക്കനാല്‍ റവന്യൂ ഭൂമിയില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോണ്‍ ഉദ്ഘാടനം ചെയ്തു. പി.എന്‍ വിജയനും സി.വി വര്‍ഗീസും നേതൃത്വം നല്‍കി.

കോട്ടയം മെത്രാന്‍ കായലില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനംചെയ്തു. പി.എന്‍ പ്രഭാകരന്‍ നേതൃത്വം നല്‍കി. ആലപ്പുഴ കൈനകരി തെക്ക് പൂപ്പള്ളി മിച്ചഭൂമിയില്‍ കേന്ദ്ര കമ്മിറ്റി അംഗം എം.സി ജോസഫൈന്‍ ഉദ്ഘാടനം ചെയ്തു. എന്‍ സോമന്‍ നേതൃത്വം നല്‍കി.

പത്തനംതിട്ടയില്‍ ആറന്മുള വിമാനത്താവള ഭൂമിയിലേക്കാണ് സമരം. കേന്ദ്ര കമ്മിറ്റി അംഗം ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. എ .പത്മകുമാറും കെ.ഗോപിയും നേതൃത്വം നല്‍കി.

കൊല്ലം കുളത്തൂപ്പുഴയില്‍ കേന്ദ്ര കമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ ഉദ്ഘാടനംചെയ്തു. ബി രാഘവന്‍ നേതൃത്വം നല്‍കി. തിരുവനന്തപുരത്ത് മടവൂര്‍ തുമ്പോട്ട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനംചെയ്തു. എം വിജയകുമാര്‍ സമരത്തിന് നേതൃത്വം നല്‍കി.

തോട്ടഭൂമിയുടെ അഞ്ച് ശതമാനം ടൂറിസം പദ്ധതിക്ക് അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാനുള്ള 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തില്‍ ഉന്നയിക്കുന്നുണ്ട്.

അതേസമയം സി.പി.ഐ. എമ്മിന്റെ സമരതന്ത്രം അറിഞ്ഞായിരിക്കും ഭൂസമരത്തെ നേരിടുകയെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ സമരം ചെയ്യാനുള്ള അധികാരവും അവകാശവും സി.പി.ഐ.എമ്മിനുണ്ട്. സി.പി.ഐ.എം ചൂണ്ടിക്കാട്ടിയ ഭൂമിയെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ചതാണ്. എന്നാല്‍ കോടതി കേസുകളുള്ള ഭൂമിയാണിതെന്ന് വ്യക്തമായിട്ടുണ്ട്.

ക്രമസമാധാന ലംഘനമുണ്ടായെങ്കില്‍ മാത്രമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ട ആവശ്യം വരുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഭൂസമരം അനാവശ്യമാണെന്നും സമരത്തെ താലോലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി അടൂര്‍ പ്രകാശ് വ്യക്തമാക്കി.

Advertisement