എഡിറ്റര്‍
എഡിറ്റര്‍
മണ്ണിടിച്ചില്‍: പരസ്പരം പഴി ചാരി നഗരസഭയും റെയില്‍വേയും
എഡിറ്റര്‍
Wednesday 13th November 2013 11:43am

train-1

തിരുവനന്തപുരം: മണ്ണിടിച്ചിലിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ട സംഭവത്തില്‍ നഗരസഭയും റെയില്‍വേയും പരസ്പരം പഴി ചാരുന്നു.

മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് ട്രാക്കിലേയ്ക്ക് ഒഴുകിയെത്തിയതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ വലിയശാലയിലും കൊച്ചുവേളിയിലും ട്രാക്കിലേയ്ക്ക് മണ്ണിടിഞ്ഞ് വീണത്.

വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭ ശ്രദ്ധിക്കണമെന്ന് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ രാജേഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടു. പരിഹരിച്ചില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ ഇത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് നിലപാടിലാണ് നഗരസഭ. ഇത്തരം സംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കില്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നു. ട്രാക്കിലേയ്ക്ക് മണ്ണിടിഞ്ഞ് വീഴാതെ സംരക്ഷിക്കേണ്ടത് റെയില്‍വേയുടെ ഉത്തരവാദിത്തമാണ്. ഡിവിഷണല്‍ മാനേജര്‍ക്ക് വിവരമില്ലാത്തതിനാലാണ് നഗരസഭയെ പഴി ചാരുന്നതെന്നും നഗരസഭ മേയര്‍ കെ. ചന്ദ്രിക കുറ്റപ്പെടുത്തി.

അതിനിടെ താറുമാറായ ഗതാഗതം ഏറെക്കുറെ പുന:സ്ഥാപിച്ചു കഴിഞ്ഞു. എറണാകുളം, നാഗര്‍കോവില്‍ ഭാഗത്തേയ്ക്കുള്ള ഗതാഗതം പൂര്‍ണമായിക്കഴിഞ്ഞു.

തുലാവര്‍ഷം കനത്തതോടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളും വെള്ളപ്പൊക്കഭീഷണിയിലായി.

കനത്ത മഴ തുടരുന്നതിനാല്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് വിടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വെള്ളപ്പൊക്കഭീഷണിയെ തുടര്‍ന്ന് തിരുവനന്തപുരം കരിമഠം കോളനിയിലെ അന്‍പത് കുടുംബങ്ങളെ  മാറ്റിപ്പാര്‍പ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

അടുത്ത 48 മണിക്കൂര്‍ കൂടി സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദവും അന്തരീക്ഷ ചുഴലിയുമാണ് കനത്ത മഴയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

തിരുവനന്തപുരത്ത് ഇതുവരെ ഒന്‍പത് സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

Advertisement