Categories

Headlines

വി.എസിനെ ഒഴിവാക്കണമെന്ന കെ.നടരാജന്റെ ശുപാര്‍ശ അന്വേഷിക്കുമെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: കാസര്‍ഗോഡ് ഭൂമിദാനക്കേസില്‍ നിന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെ ഒഴിവാക്കണമെന്ന വിവരാവകാശ കമ്മീഷന്‍ സമ്മര്‍ദ്ദം ചെലുത്തിയത് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണത്തില്‍ പരിധിവിട്ട് ഇടപെടല്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിനെ  അന്വേഷിക്കുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

കാസര്‍ഗോഡ് ഭൂമിദാനക്കേസോടെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മുഖംമൂടി അഴിഞ്ഞ് വീണതായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും നേരത്തേ പ്രതികരിച്ചിരുന്നു. അച്യുതാനന്ദന് വേണ്ടി ശുപാര്‍ശയുമായി അന്വേഷണ ഉദ്യോഗസ്ഥനെ സമീപിച്ച വിവരാവകാശ കമ്മീഷണര്‍ കെ.നടരാജന്‍ രാജിവെക്കണമെന്നും രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

കാസര്‍ഗോഡ് ഭൂമിദാനക്കേസിന്റെ എഫ്.ഐ.ആര്‍ സമര്‍പ്പിക്കുമ്പോള്‍ വി.എസ് അച്യുതാനന്ദനെ കുറ്റവിമുക്തനാക്കണമെന്നായിരുന്നു നടരാജന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 19ന് വിളിച്ചപ്പോള്‍ ഡി.വൈ.എസ്.പി കുഞ്ഞന്‍ ഫോണ്‍ സംഭാഷണം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.

ആരുടെയും നിര്‍ദേശപ്രകാരമല്ല താന്‍ വിളിക്കുന്നതെന്നും വി.എസ് അഴിമതിക്കാരനല്ലെന്ന പരിഗണന നല്‍കണമെന്നും നടരാജന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടിലുണ്ട്.