തിരുവനന്തപുരം: കേരളത്തില്‍ കാര്‍ഷിക കമ്മീഷന്‍ രൂപവത്കരിക്കണമെന്നും ആ കമ്മീഷന്‍ കേരളത്തിലെ കൃഷി ഭൂമി ഏറ്റെടുത്ത് സന്തുലിതമായി കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുള്ള നടപടികളെടുക്കണമെന്നും ഗുജറാത്ത് ജാതി നിര്‍മൂലന്‍ സംഘ് അദ്ധ്യക്ഷന്‍ രാജു സോളങ്കി ആവശ്യപ്പെട്ടു.

സമഗ്ര ഭൂപരിഷ്‌കരണ നിയമം തയ്യാറാക്കാനായി വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച കേരള ലാന്റ് സമ്മിറ്റിന്റെ സമാപന സമ്മേളനം ഗാന്ധിപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘ്പരിവാര്‍ അജണ്ടയനുസരിച്ച് പശുവിനെപ്പറ്റിയും മുത്തലാഖിനെക്കുറിച്ചുമാണ് രാജ്യത്ത് ചര്‍ച്ച ചെയ്യുന്നത്.

ആ കെണിയില്‍ പെടാതെ ഭൂമിയെന്ന വിഷയത്തെ ഗൗരവമായി ചര്‍ച്ച ചെയ്യുന്നു എന്നതാണ് ലാന്റ് സമ്മിറ്റിന്റെ വ്യതിരിക്തത. 44 ശതമാനം കുട്ടികള്‍ക്ക് പോഷകാഹാരമില്ലാത്ത ഗുജറാത്ത് മോഡലല്ല രാജ്യത്തിന് വേണ്ടത്. ഭൂമിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പൗരബോധമുള്ള ജനസമൂഹമാണ് രാജ്യത്തിനാവശ്യം. എല്ലാ പൗരന്‍മാരും ഭൂമിയുടെ ഉടമകളായി മാറുമ്പോഴാണ് ഈ രാജ്യം ഓരോരുത്തരുടേതാണെന്ന ബോധമുണ്ടാകുക അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ 50 ശതമാനംകൃഷി ഭൂമിയും 7 ശതമാനത്തില്‍ താഴെയുള്ള ചെറിയ സവര്‍ണ്ണ വിഭാഗങ്ങളുടെ കൈയിലാണെന്ന് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.സി ഹംസപറഞ്ഞു. രാജ്യത്തെ ഭൂമിയെ സംബന്ധിച്ചും ഭൂ ഉടമസ്ഥതയുടെ സാമൂഹ്യഘടനയെ സംബന്ധിച്ചു ജാതി അടിസ്ഥാനത്തിലുള്ള സര്‍വ്വേ നടത്തി സര്‍ക്കാര്‍ ധവള പത്രം പുറപ്പെടുവിക്കണമെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

മൂന്നാറില്‍ പിണറായി സര്‍ക്കാര്‍ വന്‍കിട കയ്യേറ്റക്കാരെ സംരക്ഷിക്കുകയാണെന്ന് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഇപ്പോള്‍ സി.പി.ഐ സ്വീകരിച്ചിരുന്ന നിലപാട് സ്വാഗതാര്‍ഹമാണെങ്കിലും അത് ആത്മാര്‍ത്ഥതയുള്ളതാണെന്ന് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു. കൈയേറ്റങ്ങളെ എന്നും പ്രോത്സാഹിപ്പിച്ച യു.ഡി.ഫ് ഇപ്പോള്‍ നടത്തുന്നത് നാടകമാണ്. രാജ്യത്ത് മുഴുവന്‍ ഭൂമിയും കോര്‍പ്പറേറ്റുകള്‍ക്ക് ഭൂമി തീറെഴുതാനൊരുമ്പെടുന്ന ബി.ജെ.പിയെ ഭൂമിയെ സംബന്ധിച്ച് കടുത്ത ജനവിരുദ്ധ നിലപാടാണ് എന്നും പുലര്‍ത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി തമിഴ്നാട് ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍, കര്‍ണ്ണാടക ജനറല്‍ സെക്രട്ടറി താഹിര്‍ ഹുസൈന്‍, കേരള വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരിപ്പുഴ, ജനറല്‍ സെക്രട്ടറി പി.എ അബ്ദുല്‍ ഹഖിം, സെക്രട്ടറിമാരായ, കെ.എ ഷഫീഖ്, റസാഖ് പാലേരി, ശ്രീജ നെയ്യാറ്റിന്‍കര, ശശി പന്തളം തുടങ്ങിയവര്‍ സംസാരിച്ചു. തിരുവന്നതപുരം ജില്ലാ പ്രസിഡന്റ് എന്‍എം അന്ഡസാരി സ്വാഗതവും മധു കല്ലറ നന്ദിയും പറഞ്ഞു.
രണ്ടു ദിവസമായി നടന്ന ലാന്റ് സമ്മിറ്റിന്റെ അവസാന ദിവസമായ വ്യാഴാഴ്ച ദലിത് ആദിവാസി തീരദേശ ഭൂപ്രശ്നങ്ങള്‍ എന്ന സെഷനില്‍ പി. ശിവാനന്ദന്‍ (ആദിവാസി ഭൂനിയമം), ഡോ. അമിതാബ് ബച്ചന്‍ (വനാവകാശ നിയമം), ഡോ.സഞ്ജീവ ഘോഷ് (തീരദേശ ഭൂപ്രശ്നം-പരിഹാര നടപടകള്‍) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കൃഷി പരിസ്ഥിതി ഭൂവിനിയോഗം എന്ന വിഷയത്തില്‍ വാണി.വി (പരിസ്ഥിതി-ഭൂ ഉപയോഗവും നിയമങ്ങളും), ഡോ.വി.എം നിഷാദ് (കൃഷി-ഭൂവിനിയോഗം), എന്നീവിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.