തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ കാസര്‍ഗോഡ് ഭൂമിദാനക്കേസില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗം സമ്മര്‍ദം ചെലുത്തിയതിനെ കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു.

കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥനെ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗവും മുന്‍ ഡി.ഐ.ജിയുമായ കെ.നടരാജന്‍ ഫോണില്‍ വിളിച്ച് സമ്മര്‍ദം ചെലുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്‍മേലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Ads By Google

എഫ്.ഐ.ആര്‍ സമര്‍പ്പിക്കുമ്പോള്‍ വി.എസ് അച്യുതാനന്ദനെ കുറ്റവിമുക്തനാക്കണ മെന്നായിരുന്നു നടരാജന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 19ന് വിളിച്ചപ്പോള്‍ ഡി.വൈ.എസ്.പി കുഞ്ഞന്‍ ഫോണ്‍ സംഭാഷണം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.

ആരുടെയും നിര്‍ദേശപ്രകാരമല്ല താന്‍ വിളിക്കുന്നതെന്നും വി.എസ് അഴിമതിക്കാരനല്ലെന്ന പരിഗണന നല്‍കണമെന്നും നടരാജന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടിലുണ്ട്.

നടരാജന്‍ ഉപയോഗിക്കുന്ന മൊബൈല്‍ഫോണില്‍ നിന്നുള്ള വിളികളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് എസ്.പി ഹബീബ് റഹ്മാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയതായാണ് വിവരം.

ഇതിന്റെ സിഡിയും വിജിലന്‍സ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഭൂമിദാനക്കേസില്‍ അച്യുതാനന്ദനാണ് മുഖ്യപ്രതി. വി.എസിന്റെ ബന്ധു ടി.കെ. സോമന്‍, വി.എസിന്റെ പിഎ എ. സുരേഷ്, മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്‍, ഐഎഎസ് ഉദ്യോഗസ്ഥരായ ഷീല തോമസ്, ആനന്ദ് സിങ്, എന്‍.എ. കൃഷ്ണന്‍കുട്ടി, എന്നിവരാണു മറ്റു പ്രതികള്‍.