എഡിറ്റര്‍
എഡിറ്റര്‍
ഭൂമി തട്ടിപ്പ്: എളമരം കരീം ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്
എഡിറ്റര്‍
Thursday 28th November 2013 9:20am

elamaram-kareem

കോഴിക്കോട്: ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ വ്യവസായ മന്ത്രി എളമരം കരീം ഇടപെട്ടുവെന്നതിന് തെളിവ് പുറത്ത്.  ഭൂമി നഷ്ടപ്പെട്ടവരായ മൊയ്തീന്‍, രാജന്‍ എന്നിവര്‍ എളമരം കരീമിനെ വീട്ടില്‍ പോയി കണ്ടതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.

തന്നെ ഭീഷണിപ്പെടുത്തേണ്ടെന്ന് കരീം മുന്നറിയിപ്പ് നല്‍കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഭൂമി തട്ടിപ്പിലെ ഇരകള്‍ രണ്ട് തവണയാണ് കരീമിനെ കണ്ടത്. ചേവായൂരിലെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

താങ്കളാണല്ലോ നൗഷാദുമായി കരാറുണ്ടാക്കാന്‍ പറഞ്ഞതെന്ന് പരാതിക്കാരന്‍ ചോദിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

താങ്കളെ വിശ്വസിച്ചാണ് നൗഷാദിന് പങ്കാളിത്തം നല്‍കിയതെന്ന് തട്ടിപ്പിനിരയായവര്‍ കരീമിനോട് പറയുമ്പോള്‍ നിങ്ങള്‍ ഭീഷണിപ്പെടുത്തേണ്ടെന്നായിരുന്നു കരീമിന്റെ പ്രതികരണം.

എല്ലാം ശരിയാക്കാമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തെ പോയി കാണാനും കരീം പറയുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്.

എല്ലാം നഷ്ടപ്പെട്ട സ്ഥിതിക്ക് ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് പരാതിക്കാരനായ മൊയ്തീനും രാജനും കരീമിനോട് പറയുന്നുണ്ട്. അങ്ങനെയൊന്നും പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തേണ്ടെന്നായിരുന്നു കരീമിന്റെ മറുപടി.

തന്റെ അകന്ന ബന്ധുവായ നൗഷാദ് നടത്തിയ ഭൂമി ഇടപാടിനെക്കുറിച്ച് അറിയില്ലെന്നാണ് എളമരം കരീം നേരത്തെ വിശദീകരിച്ചത്. എന്നാല്‍ ഭൂമി തട്ടിപ്പിനിരയായവര്‍ എളമരം കരീമിന്റെ വീട്ടിലെത്തി സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെ വിഷയത്തില്‍ കരീമിനുള്ള കൂടുതല്‍ പങ്ക് വ്യക്തമാവുകയാണ്.

എളമരം കരീമിന്റെ ബന്ധുവും വിശ്വസ്തനുമായ നൗഷാദ് കരീം മന്ത്രിയായിരുന്ന സമയത്ത് ക്വാറി ഉടമകളില്‍ നിന്ന് 47 ഏക്കറോളം ഭൂമി തട്ടിയെടുത്തുവെന്നാണ് ആരോപണം.

എളമരം കരിമിനു വേണ്ടി നൗഷാദ് അഞ്ചു കോടി രൂപ വാങ്ങിയതായി അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവറായ സുബൈര്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ കരീമുമായി അടുത്ത ബന്ധമുണ്ടെന്ന് നൗഷാദ് സമ്മതിച്ചെങ്കിലും താന്‍ അഞ്ച് കോടി രൂപ വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പണമിടപാടുമായി മസ്‌ക്കറ്റ് ഹോട്ടലില്‍ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement