ബാംഗ്ലൂര്‍: ശ്രീ ശ്രീ രവിശങ്കറിനെതിരെ ഭൂമി കയ്യേറ്റ ആരോപണം. കര്‍ണാടകയില്‍ 50 കോടി വിലവരുന്ന അഞ്ച് ഏക്കറോളം ഭൂമി കയ്യേറിയെന്ന ആരോപണമാണുയര്‍ന്നിരിക്കുന്നത്. തെഹല്‍ക മാസികയുടെ പുതിയ ലക്കത്തിലാണ് രവിശങ്കറിന്റെ ഭൂമി കയ്യേറ്റങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാവങ്ങള്‍ക്ക് വിതരണം ചെയ്യാനെന്നും പറഞ്ഞ് രവിശങ്കര്‍ നേടിയെടുത്ത ഭൂമി നിയമവിരുദ്ധമായി സ്വന്തമാക്കിയതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിയമം ലംഘിച്ച് ഇവിടെ അദ്ദേഹം ഒരു ആശ്രമവും അദ്ദേഹം പണിതിട്ടുണ്ട്. മൈസൂര്‍ അര്‍ബന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി ഈ കയ്യേറ്റത്തെക്കുറിച്ച് മനസിലാക്കുകയും ഇവിടെയുള്ള കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട് രവിശങ്കറിനെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ് കൃത്യസമയത്ത് തന്നെ ഇടപെടുകയും രവിശങ്കറിനെ നിയമനടപടികളില്‍ നിന്നും സംരക്ഷിക്കുകയുമായിരുന്നു.

ഭൂരഹിതരമായ ഒന്നരലക്ഷത്തോളം ആളുകള്‍ക്ക് വീട് പണിയാനായി മൈസൂര്‍ അര്‍ബന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി 1985ല്‍ അലനഹള്ളിഗ്രാമത്തില്‍ നിന്നും ഏറ്റെടുത്ത 100 ഏക്കര്‍ഭൂമിയുടെ ഒരു ഭാഗം കയ്യേറിയാണ് ആശ്രമം നിര്‍മ്മിച്ചിരിക്കുന്നത്. ഈ നൂറ് ഏക്കറില്‍ 70 ഏക്കറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ബാക്കി യഥാര്‍ത്ഥ ഉടമസ്ഥര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.

രവിശങ്കര്‍ കയ്യേറിയിരിക്കുന്ന ഭൂമി അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതാണ്. ചാമുണ്ഡി മലനിരകളില്‍ നിന്നും അലനഹള്ളി ടാങ്കിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാനായി ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ ഒഴിച്ചിടുകയായിരുന്നു. ബൊട്ടാണിക്കല്‍ പാര്‍ക്കായി മാറ്റാനും ഉദ്ദേശമുണ്ടായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

അര്‍ബന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ളപ്പോള്‍ തന്നെ ആര്‍ രഘു എന്ന ബിനാമിയുടെ പേരില്‍ രവിശങ്കര്‍ കയ്യേറുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ഭൂമി കയ്യേറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൈസൂര്‍ ഡെബ്യൂട്ടി കമ്മീഷണര്‍ 2002 ഡിസംബര്‍ 20ന് അര്‍ബന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. നടപടിക്ക് ഉദ്യോഗസ്ഥര്‍ തുനിഞ്ഞപ്പോള്‍ യെദ്യൂരപ്പ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തെഴുതി നടപടി നിര്‍വെക്കുകയായിരുന്നു.