ന്യൂദല്‍ഹി: ആദിവാസി ഭൂമി വിതരണം അനിയന്ത്രിതമായി നീട്ടികൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഭൂമിവിതരണം നടപ്പാക്കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതിയുടെ പരാമര്‍ശം.

ഭൂമിവിതരണം എത്രയും പെട്ടെന്ന് നടപ്പിലാക്കണം. ഇനിയും വൈകിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ജൂലൈ 31 നുള്ളില്‍ ഭൂമിവിതരണം പൂര്‍ത്തിയാക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരുന്നത്. അടുത്തവര്‍ഷം ജൂലൈവരെ സമയം ആവശ്യപ്പെട്ട് നവംബറിലാണ് സര്‍ക്കാര്‍ കോടതിയില്‍ ഹരജി നല്‍കിയത്. സര്‍ക്കാരിന്റെ ഈ ആവശ്യം പരിഗണിക്കാനാവില്ലെന്നും ഭൂമിവിതരണം മാര്‍ച്ച് 31നുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.