ഇടുക്കി:  ഇടുക്കി പെരിഞ്ചാംകുട്ടിയില്‍ അനധികൃത ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കുന്നു. വനം, പോലീസ് വകുപ്പുകള്‍ സംയുക്തമായാണ് ഒഴിപ്പിക്കല്‍ നടത്തുന്നത്. ആദിവാസികളുടെ മറവില്‍ വന്‍കിടശക്തികള്‍ കൈയ്യേറിയ വനംവകുപ്പിന്റെ ഭൂമിയിലാണ് ഒഴിപ്പിക്കല്‍ നടപടി പുരോഗമിക്കുന്നത്. ഇവിടെ ആദിവാസികള്‍ കെട്ടിയ കുടിലുകള്‍ പോലീസ് പൊളിച്ചുമാറ്റിയിട്ടുണ്ട്.

മൂന്നൂറോളം വരുന്ന പോലീസ്, വനംവകുപ്പ് സേന സംയുക്തമായാണ് കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനു നേതൃത്വം നല്‍കുന്നത്. രണ്ടായിരത്തോളം ഏക്കര്‍ ഭൂമിയാണ് ഇവിടെ  കയ്യേറിയിരിക്കുന്നത്. ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ സ്‌പെഷല്‍ സോണ്‍ മേഖലയായ ഇവിടെ മൂന്നു വര്‍ഷം മുന്‍പാണ് കയ്യേറ്റം തുടങ്ങിയത്.

ഇന്നു രാവിലെയാണ് ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. അഞ്ചൂറോളം പേര്‍ കൈയ്യേറിയ  സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ആദിവാസികളടക്കം 30 ഓളം പേരെ പോലീസ് അറ്‌സറ്റ് ചെയ്തു. ഇവരെ ഉച്ചയോടെ മൂന്നാര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം, പെരിഞ്ചാംകുട്ടിയില്‍ നിന്നു ആദിവാസികളെ ഒഴിപ്പിക്കില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ആദിവാസികള്‍  ശ്രമിച്ചെന്നും അതുകൊണ്ടാണ് അറസ്റ്റ് വേണ്ടി വന്നതെന്നുമാണ് പോലീസ് പറഞ്ഞത്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

Malayalam News

Kerala News In English