വാഷിംഗ്ടണ്‍: അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന് അമേരിക്കന്‍ സൈക്ലിംഗ് ഇതിഹാസം ലാന്‍സ് ആംസ്‌ട്രോങിന്റെ പ്രചോദനം നിറഞ്ഞ ആശംസാ സന്ദേശം. അറിവ് ക്ഷമതയും ഐക്യം ശക്തിയുമാണെന്ന മനോഭാവം ദൃഢമായി വിശ്വസിക്കണമെന്ന് ആംസ്‌ട്രോങ് യുവരാജിന് അയച്ച സന്ദേശത്തില്‍ പറയുന്നു.

ശ്വാസകോശ അര്‍ബുദ ബാധിതനായി കീമോതെറാപ്പി ചെയ്ത് കളിക്കളത്തിലേക്ക് ശക്തമായി തിരിച്ചെത്തിയ താരമാണ് ആംസ്‌ട്രോങ്. തിരിച്ചെത്തി ഏഴുതവണ പ്രശസ്തമായ ഫ്രഞ്ച് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി ചരിത്രം കുറിച്ചു ആസ്‌ട്രോങ്.

Subscribe Us:

യുവിക്കും കുടുംബത്തിനും സാധ്യമായ എല്ലാ സഹായങ്ങളുമായി എപ്പോഴും ഒപ്പമുണ്ടെന്നും ധൈര്യമായി മുന്നോട്ട് പോകാനും ആസ്‌ട്രോങ് സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.

ആംസ്‌ട്രോങ്ങിന്റെ വാക്കുകള്‍ ഏറെ ആത്മവിശ്വാസവും ആശ്വാസവും നല്‍കിയതായി യുവരാജ് ട്വിറ്ററില്‍ വെളിപ്പെടുത്തി. ആംസ്‌ട്രോങിനെ കാണാനുള്ള ആഗ്രഹവും യുവരാജ് പ്രകടിപ്പിച്ചിട്ടുണ്ട്.

രോഗത്തോട് പൊരുതിക്കയറിയ ആംസ്‌ട്രോങ്ങിന്റെ ‘ഇറ്റ്‌സ് നോട്ട് എബൗട്ട് ദ ബൈക്ക്’ എന്ന ആത്മകഥ തന്നെ ഏറെ പ്രചോദിപ്പിച്ചതായി യുവരാജ് നേരത്തേ വ്യക്തമാക്കിയിരുന്നു. ആ പുസ്തകമാണ് ഈയൊരു കഠിന അവസ്ഥയിലും തന്നില്‍ ആത്മധൈര്യം നിറച്ചതെന്നും യുവി നേരത്തെ പറഞ്ഞിരുന്നു.

കാന്‍സര്‍ ബാധിച്ചവരെ പ്രചോദിപ്പിക്കാനും രോഗത്തിനെതിരെ പോരാടാനുമായി ‘ലിവ് സ്‌ട്രോങ്’ എന്ന സന്നദ്ധ സംഘടന തന്നെ സ്ഥാപിച്ചിട്ടുണ്ട് ലാന്‍സ് ആംസ്‌ട്രോങ്.

Malayalam News

Kerala News In English