പറ്റ്‌ന: ആര്‍.ജെ.ഡി വിളിച്ചു ചേര്‍ത്ത ബി.ജെ.പി വിരുദ്ധ റാലി ബീഹാര്‍ ജനതയുടെ മനസിന്റെ നേര്‍ സാക്ഷ്യമാകുന്നു. ‘ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന ആര്‍.ജെ.ഡി മദ്രാവാക്യം ഏറ്റെടുത്ത് ലക്ഷകണക്കിന് ജനങ്ങളാണ് പറ്റ്‌നയിലേക്കൊഴുകിയത്. മഹാസഖ്യത്തെ തള്ളികളഞ്ഞ് ബി.ജെ.പിയുമായി കൈകോര്‍ത്ത ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനുള്ള തിരിച്ചടി കൂടിയായിരിക്കുകയാണ് ജനസാഗരം.


Also read: ‘കണ്‍തുറന്ന് കാണൂ ഈ ജനസാഗരം’; നിതീഷിനും ബി.ജെ.പിയ്ക്കും തിരിച്ചടിയായി ലാലു പ്രസാദിന്റെ ബി.ജെ.പി വിരുദ്ധ റാലിയില്‍ ജനലക്ഷങ്ങള്‍


റാലിയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ‘എണ്ണാമെങ്കില്‍ എണ്ണിക്കോളൂ’ എന്നു ബി.ജെ.പിയെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. സഖ്യമര്യാദകള്‍ ലംഘിച്ച് ഭരണത്തില്‍ നിന്നു പുറത്താക്കിയെങ്കിലും തന്റെ പ്രതിഛായക്ക് ഒരു മങ്ങലുമേറ്റിട്ടില്ലെന്നും ട്വീറ്റിലൂടെ അദ്ദേഹം പറയുന്നു.

‘ഒരു ‘മുഖ’ത്തിനും ബീഹാറില്‍ തന്റെ അടിത്തറയ്ക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കാനാവില്ല’ അദ്ദേഹം പറഞ്ഞു. ജെ.ഡി.യുവിന്റെ പുറത്താക്കല്‍ ഭീഷണിയെ കാറ്റില്‍പ്പറത്തിയായിരുന്നു റാലിയിലേക്ക് ശരത് യാദവ് കടന്നു വന്നത്. റാലിയില്‍ പങ്കെടുത്താല്‍ പുറത്താക്കുമെന്നായിരുന്നു നിതീഷ് കുമാര്‍ പക്ഷം പറഞ്ഞിരുന്നത്.

എന്നാല്‍ റാലിക്കെത്തിയ ശരത് യാദവ് യഥാര്‍ത്ഥ ജെ.ഡി.യു തങ്ങളാണെന്ന് ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ തെളിയിക്കുമെന്നും വ്യക്തമാക്കി.


Dont Miss: ‘വീണ്ടും ഫോട്ടോഷോപ്പ് ദുരന്തം’; പിണറായിക്കെതിരെ വ്യാജപ്രചരണവുമായി സംഘപരിവാര്‍ ഗ്രൂപ്പുകള്‍; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ


വടക്കന്‍ ബീഹാറില്‍ ദുരന്തം വിതച്ച പ്രളയത്തിനിടയിലും കെടുതി വകവെക്കാതെ ആയിരകണക്കിനു ജനങ്ങളാണ് ഈ മേഖലയില്‍ നിന്നും റാലിക്കെത്തിയത്. ഉച്ഛയ്ക്ക് ശേഷം ആരംഭിച്ച റാലിയില്‍ പങ്കെടുക്കാന്‍ രാവിലെ ഏഴിനു മുന്നേ ജനങ്ങള്‍ പറ്റ്‌നയിലെത്തിയിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.