കൊച്ചി: ഐ പി എല്‍ ലേലത്തില്‍ നിന്ന് പ്രിയദര്‍ശനും മോഹന്‍ലാലും പിന്‍മാറി. ലേലത്തിന് പിന്നില്‍ സ്വാര്‍ഥ താല്‍പര്യമാണെന്നും പുതിയ നിബന്ധനകള്‍ മൂലം ലേലത്തില്‍ നിന്ന് പിന്‍മാറിയതായും പ്രിയദര്‍ശന്‍ പറഞ്ഞു. ഇങ്ങനെയെങ്കില്‍ കേരളത്തിന് ഐ പി എല്‍ ടീമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ 300 കോടി രൂപ കെട്ടിവെക്കണമെന്നായിരുന്നു ലേല നിബന്ധനയായി വെച്ചിരുന്നത്. എന്നാല്‍ ലേലത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ 5000 കോടിയുടെ ബാങ്ക് ബാലന്‍സ് വേണമെന്ന നിബന്ധന കൂടി ഐ പി എല്‍ അധികൃതര്‍ വെച്ചു. ഇതാണ് കേരളത്തിന് ഐ പി എല്‍ ടീമെന്ന സ്വപ്‌നത്തിന് തിരിച്ചടിയായത്. പുതിയ നിബന്ധന വന്നതോടെ ബോളിവുഡ് താരം അജയ് ദേവ് ഗണും ലേലത്തില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. ഇവര്‍ക്കു പകരം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കമ്പനിയും വീഡിയോ കോണും രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയാണ് പുതിയ നിബന്ധനകള്‍ കൊണ്ട് വന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഞായറാഴ്ചയാണ് ഐ പി എല്‍ ലേലം. ഇതിനുള്ള നാമ നിര്‍ദേശം നല്‍കേണ്ട അവസാന ദിവസമാണ് ഇന്ന്.

സംവിധായകന്‍ പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് രൂപവല്‍ക്കരിക്കുന്ന പുതിയ കമ്പനി സിറ്റി ക്രിക്കറ്റേഴ്‌സ എന്ന പേരില്‍ ടീം രൂപീകരിക്കാനായിരുന്നു നീക്കം. മുന്‍ ഇന്ത്യന്‍ താരം റോബിന്‍ സിങ്ങിനെ ടീമിന്റെ ടെക്കിനിക്കല്‍ ഡയറക്ടറായി നിയമിച്ചിരുന്നു.