കൊച്ചി: അടുത്ത കാലത്തായി സൂപ്പര്‍ താരങ്ങളെ ഒഴിവാക്കി പുതുമുഖങ്ങളെ പരീക്ഷിക്കുന്ന ജോഷിയുടെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. ഓണത്തിന് തിയ്യറ്ററുകളിലെത്തുന്ന സെവന്‍സിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ ലാലാണ് നായകന്‍. മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. മിലന്‍ ജലീല്‍ അവസാനം നിര്‍മ്മിച്ച ചിത്രമായ ഉലകം ചുറ്റും വാലിഭന്‍ ഓണത്തിന് റിലീസ് ചെയ്യാനിരിക്കുകയാണ്.

ചോക്ലേറ്റ്, മേക്കപ്പ്മാന്‍ തുടങ്ങിയ ഹിറ്റുകള്‍ക്ക് തിരക്കഥ ഒരുക്കിയ സേതു-സച്ചി തിരക്കഥാ ടീമിലെ സച്ചിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച ഡബിള്‍സിന്റെ പരാജയത്തെ തുടര്‍ന്നാണ് സേതു-സ്ച്ചു ടീം രണ്ട് വഴി തീരുമാനിച്ചത്. സേതു ഇപ്പോള്‍ വൈശാഖ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ മല്ലു സിംഗിന്റെ തിരക്കഥയിലാണ്.

സെവന്‍സിന് ശേഷം ദിലീപിനെയും കാവ്യയെയും പ്രധാന വേഷങ്ങളില്‍ ഉള്‍പ്പെടുത്തി ‘റണ്‍വേ’യുടെ രണ്ടാം ഭാഗമായ വാളയാര്‍ പരമശിവം എന്ന ചിത്രവും ജോഷി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏത് ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തങ്ങളാകും ആദ്യം തുടങ്ങുക എന്ന് വ്യക്തമായിട്ടില്ല.