ബാംഗ്ലൂര്‍:പൈലറ്റില്ലാവിമാനമായ ലക്ഷ്യ രണ്ടിന്റെ പരീക്ഷണം വിജയം. താഴ്ന്നുപറന്ന് ശത്രു സൈന്യത്തിന് നാശം വിതയ്ക്കാന്‍ കഴിയുന്ന വിമാനമാണ് ലക്ഷ്യ രണ്ട്. പ്രതിരോധഗവേഷണ വികസന വകുപ്പിന്റെ (ഡി.ആര്‍.ഡി.ഒ.) കീഴിലുള്ള എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റാണ് ലക്ഷ്യ രണ്ട് വികസിപ്പിച്ചത്.

ചൊവ്വാഴ്ച കടല്‍നിരപ്പില്‍ നിന്ന് 15 മുതല്‍ 25 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാനുള്ള ലക്ഷ്യയുടെ കഴിവ് വിജയം കണ്ടു. ഇതോടൊപ്പം യുദ്ധോപകരണങ്ങള്‍ വഹിക്കാനുമുള്ള ലക്ഷ്യയുടെ ശേഷി പരീക്ഷിച്ചു. പ്രഹരശേഷിയുള്ള തോക്കുകളും മിസൈലുകളും വഹിച്ചായിരുന്നു പരീക്ഷണം.

കരയിലെ ഗ്രൗഡ് കണ്‍ട്രോള്‍ സ്‌റ്റേഷനില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ച് 32മിനുറ്റുകളോളം പറന്ന ലക്ഷ്യ വിജയകരമായി ഇറങ്ങി. ഏകദേശം പത്തുകിലോമീറ്റര്‍ ദുരം വിമാനം പറന്നു. ലക്ഷ്യം തെറ്റാതെ ശത്രുവിമാനങ്ങള്‍ക്കെതിരെ മിസൈല്‍ പ്രയോഗിക്കാന്‍ ലക്ഷ്യ രണ്ടിന് കഴിയുമെന്ന് ഡി.ആര്‍.ഡി.ഒ. അധികൃതര്‍ അറിയിച്ചു .

നേരത്തേ ലക്ഷ്യ ഒന്ന് വിജയകരമായി പരീക്ഷിച്ചിരുന്നു. കൂടുതല്‍ ഉയരത്തില്‍ പറന്നുള്ള പരീക്ഷണമായിരുന്നു അന്ന് വിജയം കണ്ടത്.