with video ന്യൂഡല്‍ഹി: ജമാഅത്തുദ്ദഅ‌വ തലവന്‍ ഹാഫിസ് സഈദിനെതിരെ പാക് പോലീസ് രജസ്റ്റര്‍ ചെയ്ത രണ്ടു കേസുകളും ലാഹോര്‍ കോടതി തള്ളി. ജമാഅത്തുദ്ദഅ‌വ നിയമവിരുദ്ധ സംഘടനയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സഈദിനെതിരെ ഭീകര വിരുദ്ധ നിയമപ്രകാരം ചുമത്തിയ കേസുകള്‍ തള്ളിയത്. സഈദ് വീണ്ടും സ്വതന്ത്രനായിരിക്കയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എ കെ ദോഗര്‍ വ്യക്തമാക്കി.

ഫൈസലാബാദ് പോലീസാണ് അടുത്തിടെ സഈദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അണികളെ ജിഹാദിന് പ്രേരിപ്പിച്ചുവെന്നായിരുന്നു കേസ്. എന്നാല്‍ ജമാഅത്തുദ്ദഅ്‌വ ഭീകര സംഘടനയല്ലെന്നും സംഘടനക്കെതിരെയുള്ള യു എന്‍ നടപടി പാകിസ്ഥാന്‍ പോലുള്ള സ്വയംഭരണാവകാശമുള്ള രാജ്യത്ത് നടപ്പാക്കാനാവില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ സഈദാണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. സഈദിനെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യ നിരന്തരം പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.