പത്തനംതിട്ട: ചെങ്ങറസമര നേതാവ് ളാഹ ഗോപാലനെ പൊലീസ് അറസ്റ്റ് ചെയ്തു. 2006, 2007 വര്‍ഷങ്ങളിലെ വിശ്വാസവഞ്ചനാ കേസിലുള്ള കോടതി വാറന്റിനെ തുടര്‍ന്നാണ് അറസ്റ്റ്. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ളാഹ ഗോപാലനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്ന് രാവിലെ ഏഴ്മണിയോടെയായിരുന്നു അറസ്റ്റ്.

ളാഹഗോപാലനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സാധു ജന വിമോചന മുന്നണി പ്രവര്‍ത്തകര്‍ പത്തനം തിട്ട ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തുകയാണ്. അറസ്റ്റിന് പിന്നില്‍ സര്‍ക്കാറിന്റെ ഗൂഢാലോചനയാണെന്നും ചെങ്ങറ പാക്കേജ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ളാഹ ഗോപാലനെ വിട്ട് കിട്ടുന്നത് വരെ സമരം തുടരുമെന്നും അവര്‍ അറിയിച്ചു.

വസ്തു വില്‍പ നടത്താമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ച കേസിലാണ് ഗോപാലനെതിരെ വാറണ്ടുള്ളത്. എന്നാല്‍ വധശ്രമക്കേസുള്‍പ്പടെ പത്തനം തിട്ട സ്റ്റേഷനിലുള്ള മറ്റ് കേസുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അറസ്റ്റ്.