മുംബൈ: മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ബോളിവുഡ് സിനിമ ലഗാന്‍ ടൈം മാസിക നടത്തിയ തെരഞ്ഞെടുപ്പില്‍ എക്കാലത്തെയും മികച്ച 25 സ്‌പോര്‍ട്്‌സ് സിനിമകളുടെ പട്ടികയില്‍ ഇടംപിടിച്ചു. അമീര്‍ ഖാന്‍ നായകനായ ചിത്രം പതിനാലാം സ്ഥാനമാണ് നേടിയത്.

ബ്രിട്ടീഷ് അധിനിവേശ കാലത്തെ ക്രിക്കറ്റ് മത്സരമാണ് ചിത്രം വിഷയമാക്കിയത്. അമീര്‍ഖാന്‍ നിര്‍മിച്ച അശുതോഷ് ഗൊവാരിക്കര്‍ സംവിധാനം ചെയ്ത ലഗാന്‍ നിലനില്‍പിനായി സമരം ചെയ്യുന്ന ഒരു കൂട്ടം ഗ്രാമീണരെ മനോഹരമായി വരച്ചുകാട്ടുന്നതായിരുന്നു. ബ്രിട്ടീഷുകാരുടെ പിടിയില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ തീര്‍ത്തും അപരിചിതമായ ക്രിക്കറ്റ് തങ്ങളുടെ പരിമിതിക്കുള്ളില്‍ നിന്ന് പഠിച്ചെടുക്കുന്നതും ഉദ്വോഗജനകമായ നിമിഷങ്ങള്‍ക്കൊടുവില്‍ ബ്രിട്ടീഷുകാരെ തോല്‍പ്പിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

എ.ആര്‍ റഹ്മാന്റെ മാന്ത്രിക സംഗീതവും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഏറെ ദൈര്‍ഘ്യമേറിയതെങ്കിലും വശ്യസുന്ദരമായ മുഴുനീള സ്‌പോട്‌സ് സിനിമയാണ് ലഗാനെന്നാണ് ടൈംസ് പറയുന്നത്. സാമൂഹിക ഡോക്യുമെന്ററിയായ ഈ ചിത്രം എക്കാലത്തേയും ഓള്‍ റൗണ്ടറാണെന്നാണ് അവാര്‍ഡ് സമിതി വിലയിരുത്തിയത്. പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സിനിമയാണ് ലഗാന്‍.