ഭോപ്പാല്‍: ഭോപ്പാല്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍.ടി.ഐ ആക്ടിവിസ്റ്റ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ആക്ടിവിസ്റ്റ് ഷെഹ്‌ല മസൂദാണ് കൊല്ലപ്പെട്ടത്.

പോഷ് കോ-ഇ ഫിസ പ്രദേശത്തുള്ള വീടിനു മുന്നില്‍ വച്ച് രാവിലെ 11 മണിക്കാണ് മസൂദ് കൊല്ലപ്പെട്ടതെന്ന്്് പോലീസ് പറയുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

‘അഴിമതിക്കെതിരെ ഇന്ത്യ’ എന്ന ക്യാമ്പയിനിങ്ങില്‍ സജീവസാന്നിധ്യമാണ് ഷെഹ്‌ല. അടുത്തിടെ ലോക്പാല്‍ ബില്ലിനുവേണ്ടി അണ്ണ ഹസാരെ നടത്തിയ സമരത്തില്‍ ഷെഹ്‌ലയും പങ്കാളിയായിരുന്നു. വന്യമൃഗ സംരക്ഷണമുള്‍പ്പെടെയുള്ള നിരവധി സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ സ്ഥിര സാന്നിധ്യമായിരുന്നു ഇവര്‍.

മധ്യപ്രദേശിലെ വിവിധ വന്യമൃഗ സംരക്ഷണകേന്ദ്രങ്ങളില്‍ കടുവകള്‍ ചത്തടിയുന്ന പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ ഷെഹ്‌ലയ്ക്ക് വലിയ പങ്കുണ്ട്. ഇതിനു പുറമേ ഇവന്റ് മാനേജ്‌മെന്റ് പോലുള്ള പരിപാടികള്‍ നടത്തിനല്‍കുന്ന മിറാക്കിള്‍സ് എന്ന കമ്പനിയുടെ നടത്തിപ്പുകാരികൂടിയാണിവര്‍.