കൊച്ചി: ട്രെയിനുകളിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ സാമൂഹ്യവിരുദ്ധ ശല്യമുണ്ടാവുന്നത് സ്ത്രീകളുടെ അനാസ്ഥയാണെന്ന് റെയില്‍വെ. സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റില്‍ ഇത്തരക്കാര്‍ കയറുന്നത് സ്ത്രീകള്‍ തടയാറില്ലെന്നാണ് റെയില്‍വെയുടെ വാദം. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് റെയില്‍വേ ഇങ്ങിനെ അഭിപ്രായപ്പെട്ടത്.

ട്രെയിനില്‍ ഭിക്ഷക്കാരും കച്ചവടക്കാരും വനിതാ കമ്പാര്‍ട്ട്‌മെന്റുകളില്‍ കയറുന്നത് സ്ത്രീകള്‍ തടയാറില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. വനിതകള്‍ സാമൂബിക വിരുദ്ധര്‍ക്കെതിരെ ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാവുന്നില്ല തുടങ്ങിയവയാണ് സത്യവാങ്മൂലകത്തിലെ പരാമര്‍ശങ്ങള്‍. വനിതാ കംപാര്‍ട്ടുമെന്റില്‍ പുരുഷ ഗാര്‍ഡുകളെ നിയോഗിച്ചാല്‍ അത് പരാതിക്കിടയാക്കും. വനിതാ ഗാര്‍ഡുകളെ നിയമിച്ചാല്‍ അത് സുരക്ഷക്ക് മതിയാവുകയുമില്ല. സുരക്ഷ ഉറപ്പ് വരുത്താന്‍ സംസ്ഥാന സര്‍ക്കാറാണ് നടപടിയെടുക്കേണ്ടതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

2003ല്‍ ഒരു കന്യാസ്ത്രീക്കെതിരെ നടന്ന ആക്രമണം സംബന്ധിച്ച കേസില്‍ നല്‍കിയ എതിര്‍ സത്യാവാങ്മൂലത്തിലാണ് റെയില്‍വെ വീഴ്ചകളുടെ ആരോപണം സ്ത്രീകളുടെ തലയില്‍ കെട്ടിവച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് റെയില്‍വെ ഈ സത്യവാങ്മൂലം നല്‍കിയത്. ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ യാത്രക്കിടെ പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നില്‍ റെയില്‍വെയുടെ അനാസ്ഥയാണെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരിക്കെയാണ് പഴയ സത്യവാങ്മൂലം വീണ്ടും ചര്‍ച്ചയാവുന്നത്.

ഈ കേസില്‍ കന്യാസ്ത്രീക്ക് നഷ്ടപരിഹാരം വിധിച്ച് കേസ് ക്ലോസ് ചെയിതിരുന്നു.